പാൽക്കാരനായ ബാല്യം
സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെണ്‍കുട്ടികളേയും ബാലകൃഷ്ണനെയും വളര്‍ത്തിയത്. പശുവളര്‍ത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂള്‍കാലത്ത് പാല്‍വീടുകളില്‍ കൊടുത്ത ശേഷമാണ് ബാലകൃഷ്ണന്‍ ക്ലാസിലേക്കു പോയിരുന്നത്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളില്‍. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു കോടിയേരി മുട്ടേമ്മൽ. അമ്മയുടെ സഹോദരനായ നാണു നമ്പ്യാരാണ് കോടിയേരിയെ കമ്യൂണിസ്റ്റാക്കുന്നത്. പ്രസംഗിക്കാൻ വലിയ താത്പര്യം കാണിച്ച ബാലകൃഷ്ണൻ സ്കൂൾ കുട്ടികൾക്കിടയിൽ സ്റ്റാറായി.
കോടിയേരി ബേസിക് ജൂനിയര്‍ സ്‌കൂളില്‍ നിന്ന് ഓണിയന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സര്‍ക്കാര്‍ മയ്യഴിയില്‍ പ്രിഡിഗ്രി മാത്രമുള്ള ജൂനിയര്‍ കോളജ് തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയന്‍ ചെയര്‍മാന്‍. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം. രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയ ആറുവര്‍ഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തന മണ്ഡലം.
പതിനെട്ടാം വയസ്സില്‍ സിപിഐഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി നാട്ടിൽ ലോക്കല്‍ സെക്രട്ടറി പദവിയിലുമെത്തി. അടിയന്തരാവസ്ഥയില്‍ ജയിലിലാകുമ്പോള്‍ 22 വയസ്സുമാത്രമായിരുന്നു കോടിയേരിക്ക്. പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷണാമൂര്‍ത്തി, ബാഫക്കി തങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു 16 മാസം കണ്ണൂര്‍ ജയിലില്‍.
1982, 198787, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു.
2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി
1980 മുതൽ 1982 വരെ ഡി വൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിലും ഇരുന്നു. കൂത്തുപറമ്പ് വെടിവയ്‌പ്, കെ വി സുധീഷി ന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്
പിണറായിക്കും അച്യുതാനന്ദനും ഇടയിൽ
പിണറായി വിജയനും വി എസ് അച്യുതാനന്ദനും രണ്ടുദിശയില്‍ സഞ്ചരിച്ച കാലത്ത് സംശയമില്ലാതെ പിണറായിക്കൊപ്പമായിരുന്നു കോടിയേരി. പക്ഷേ, ഒരിക്കല്‍ പോലും വിഎസുമായി കലഹിച്ചില്ല. വിഎസും പിണറായി വിജയനും പോലും അച്ചടക്ക നടപടികള്‍ നേരിട്ടപ്പോള്‍ കോടിയേരിക്കെതിരേ ഒരിക്കലും പാര്‍ട്ടി നടപടികളും ഉണ്ടായില്ല.
പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായി. ആദ്യമായി മന്ത്രിയായപ്പോള്‍ ആഭ്യന്തരം-ടൂറിസം വകുപ്പുകൾ കോടിയേരിക്ക് ലഭിച്ചു. മുഖ്യമന്ത്രിയായ വി.എസിന് ആഭ്യന്തരം നല്‍കാതിരിക്കുകയും പകരം കോടിയേരിക്ക് നല്‍കുകയും ചെയ്തതിന് പിന്നിലെ താതപര്യം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പിനും ഗ്രൂപ്പിസത്തിനും ഇടയിൽ
2015-ല്‍ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ഗ്രൂപ്പിസം കത്തി നിൽക്കയായിരുന്നു. അടുത്ത വർഷം തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കേണ്ടതുമുണ്ടായിരുന്നു. സമ്മേളന വേദിയില്‍ നിന്ന് തുടങ്ങി കാറും കോളും നിറഞ്ഞ അന്തരീക്ഷമാണ് നേരിടേണ്ടി വന്നത്.
യുഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി ശക്തമായിരുന്നു അന്ന്. മുതിര്‍ന്ന നേതാക്കളായ പിണറായിയും വിഎസും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. സമ്മേളന നഗരിയില്‍ നിന്ന് വി.എസ് പിണങ്ങി പോയി. അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വി.എസ് അന്നത്തെ തന്റെ ഒദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലേക്ക് തിരിച്ചു. വിഎസ് സിപിഎം വിടുമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വി എസ് രൂപീകരിക്കാൻ പോകുന്ന പാർട്ടിയെ കുറിച്ചും അതിലേക്ക് വരാൻ പോകുന്ന പാർട്ടി വിട്ട നേതാക്കളെ കുറിച്ചും ചർച്ചകൾ നിറഞ്ഞു.
2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായി. 2018ൽ തൃശൂർ സമ്മേളനത്തിൽ രണ്ടാമൂഴം ലഭിച്ചു. എറണാകുളത്ത് ചേർന്ന സമ്മേളനത്തിൽ 2022ൽ വീണ്ടും സെക്രട്ടറിയായി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആറുമാസത്തിനുശേഷം ആഗസ്‌തിൽ പദവി ഒഴിഞ്ഞു. അതിനിടയിൽ പാർട്ടിയെ നയിച്ചത് വലിയ ജന പിന്തുണയിലേക്കാണ്.
അധികാരത്തിലെത്തുമോ എന്ന ഭയന്ന അവസ്ഥയില്‍ നിന്ന് സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തുടര്‍ഭരണമെന്ന ചരിത്രവും കുറിച്ച് ഏഴാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്നു സാഹചര്യത്തിലാണ് പാർട്ടി പദവികൾ ഒഴിഞ്ഞ് സ്വന്തം ആരോഗ്യ പ്രശ്നങ്ങളുടെ നിസ്സഹായതയിലേക്ക് മടങ്ങുന്നത്.
മറുപക്ഷം ഇല്ലാതാക്കിയ ഉറപ്പ്
പിണറായി വിജയനുമായി എന്നും നല്ല ബന്ധം സൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയതയ്ക്കൊടുവില്‍ വിഎസ് പക്ഷത്ത് നിന്ന നേതാക്കളെ പാർട്ടിയിൽ ഉറപ്പിച്ച് നിർത്തുന്നതിന് കോടിയേരി വഹിച്ചത് നിര്‍ണായക പങ്കാണ്. പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കും എന്നായിരുന്നു വാഗ്ദാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും മുന്‍ഗണന. മറ്റൊരു പരിഗണനയും അതില്‍ ഉണ്ടാകില്ല എന്നും ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ സ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോടിയേരി ഉറപ്പു നൽകി.
വിഭാഗീയത പ്രശ്നം പാര്‍ട്ടിയിലുണ്ടായിരുന്നു. അതെല്ലാം ദേശീയനേതൃത്വത്തിന്റെ സഹായത്തോടെ പരിഹരിക്കുകയും ചെയ്തുവെന്നാണ് പിന്നീട് കോടിയേരി നടത്തിയ പ്രതികരണം. പാർട്ടി തലപ്പത്തേക്ക് പുതുതലമുറയെ കൊണ്ടുവരാനുള്ള വഴി തുറന്നാണ് പഴഞ്ചൻ ഗ്രൂപ്പ് ചാഞ്ചാട്ടങ്ങളുടെ വേരറുത്തത്. നിയമസഭാതിരഞ്ഞെടുപ്പില്‍ രണ്ടും ടേം കഴിഞ്ഞവരെ മാറ്റിനിര്‍ത്താമെന്ന മാനദണ്ഡം പ്രായോഗികമാക്കിയത് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴും അതിൻ്റെ പഴി തുടന്നു.
പാർട്ടി സെൽ ഭരണത്തിൻ്റെ ഫ്യൂസ് ഊരി
അധികാരകേന്ദ്രമായി പാര്‍ട്ടി മാറേണ്ടതില്ലെന്ന കോടിയേരിയുടെ നിലപാട് പാര്‍ട്ടി-സര്‍ക്കാര്‍ പോരുണ്ടാകാതെ മുന്നോട്ട് പോകുന്നതിന് കാരണമായി. ഈ സന്ദേശം താഴേതട്ട് വരെ നല്‍കാനും പാര്‍ട്ടി സെക്രട്ടറിയായ കോടിയേരിക്ക് കഴിഞ്ഞു. പാര്‍ട്ടിയിലെ ഏതൊരു പ്രവര്‍ത്തകനും എപ്പോഴും ധൈര്യപൂര്‍വം കോടിയേരിയെ സമീപിക്കാമായിരുന്നു. ഇത് തന്നെയായിരുന്നു മുന്നണിയിലെ മറ്റ് കക്ഷികളോട് വലുപ്പചെറുപ്പമില്ലാതെ കോടിയേരി സ്വീകരിച്ചിരുന്ന നയം.


