സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
പരമാവധി സമയം നൽകി, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രി കെടി ജലീൽ നൽകി പരാതിയോടു കൂടിയാണ് കേസിന് തുടക്കം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും പി.സി ജോർജും മുഖ്യമന്ത്രിക്കും തനിക്കുമെതിരെ ഗൂഢാലോചന നടത്തി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിക്ക് പിന്നാലെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കേസിൽ വിശദമായ അന്വേഷണം നടത്താൻ പത്ത് ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ രൂപം നൽകി. കെ.ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സോളാർ കേസിലെ പരാതിക്കാരി ഇതിൽ ഗൂഢാലോചന ഉണ്ട് എന്ന് ആരോപണവുമായി ശബ്ദരേഖ അടക്കവുമായി മുന്നോട്ട് വരുന്നത്. അതോടു കൂടി കേസിലെ പ്രധാന സാക്ഷി സോളാർ കേസിലെ പരാതിക്കാരി ആയി മാറുകയും ചെയ്തു.
അവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് പി.സി ജോർജിന്റെ ഭാഗത്ത് നിന്ന് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണം ഉന്നയിക്കുന്നത്. മൊഴി ലഭിച്ച ഉടൻ തന്നെ പീഡന പരാതിയിൽ അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് നിയമോപദേശങ്ങൾ തേടിയ ശേഷം നടപടി എടുക്കേണ്ടത് ബന്ധപ്പെട്ടുള്ള പോലീസ് സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പരാതിക്കാരിയോടെ പരാതി മ്യൂസിയം സ്റ്റേഷനിൽ നൽകാൻ നിർദേശിക്കുന്നത്.


