ഇനി മുതൽ പി.എസ്.സി. പ്രൊഫൈൽ വിവരങ്ങൾ അതത് ഉദ്യോഗാർഥികൾക്ക് തന്നെ തിരുത്താം. ഇതിനുള്ള സൗകര്യം ജനുവരി 26-ന് നിലവിൽ വരുമെന്ന് പി എസ് സി അറിയിച്ചു. ഇതിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരില്ല. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ ഉദ്യോഗാർഥികൾക്ക് സ്വയം നടത്താം.
സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥി പി.എസ്.സി. ഓഫീസിൽ സന്ദർശിക്കേണ്ട ആവശ്യമില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ സമയത്ത് തിരുത്തലുകളുടെ വിവരങ്ങൾ പി.എസ്.സി. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കും.
പ്രൊഫൈൽ മാറ്റാനും സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്യാനുമായി സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്താൻ നടപടി തുടങ്ങി. തിരുത്തുന്ന വിവരം സംബന്ധിച്ചു സത്യവാങ്മൂലം കൂടി അപ്‍ലോഡ് ചെയ്യേണ്ടി വരും. നിയമന നടപടികളുടെ ഭാഗമായി ഉദ്യോഗാർഥി ചുരുക്കപ്പട്ടികയിലോ മറ്റോ വരുമ്പോൾ രേഖകൾ പരിശോധിക്കും. വ്യാജവിവരം നൽകുന്നവരെ അയോഗ്യരാക്കും.
മാറ്റങ്ങൾ അറിഞ്ഞിരിക്കാം
നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ല. പി.എസ്.സി വെബ്സൈറ്റിൽനിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ.
പ്രതിദിനം നൂറുകണക്കിന് ഉദ്യോഗാർഥികളാണ് തിരുത്തൽ അപേക്ഷ സമർപ്പിക്കാറുള്ളത്. ദൈനംദിന ജോലികൾക്ക് പുറമെ, ഇത്തരം അപേക്ഷകൾ വൻ ജോലിഭാരം ഉദ്യോഗസ്ഥരിലുണ്ടാക്കുന്നെന്ന് കണ്ടത്തിയതോടെയാണ് പുതിയ പരിഷ്കാരം. പ്രൊഫൈലിലെ ജാതി, മതം, ലിഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ഉദ്യോഗാർഥികൾക്കുതന്നെ തിരുത്താമെന്നാണ് പ്രാഥമിക തീരുമാനം.
എന്നാൽ, ഉദ്യോഗാർഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം.
എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർഥിക്ക് അതിനു താഴെയോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും.ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും.
ഓൺലൈൻ സേവനങ്ങളും പ്രൊഫൈൽ വഴി
പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമീഷൻ തീരുമാനിച്ചു. 2023 മാർച്ച് ഒന്നുമുതലാണ് ഈ സേവനം ലഭ്യമാകുക.
ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അപേക്ഷകൾ, ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭ്യമാക്കാനുള്ള അപേക്ഷകൾ, പരീക്ഷ/അഭിമുഖം/പ്രമാണപരിശോധന/നിയമനപരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ, തുളസി സോഫ്റ്റ്‍വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനക്ക് ഫീസ് അടക്കാനുള്ള സേവനം, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനുള്ള അപേക്ഷകൾ, മറ്റ് പൊതുപരാതികൾ എന്നിവ പുതിയ സോഫ്റ്റ്വെയർ മൊഡ്യൂൾ വഴി സമർപ്പിക്കാൻ കഴിയും.
നിലവിൽ ഇ-മെയിൽ/തപാൽ വഴിയാണ് ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രൊഫൈൽ വഴിയുള്ള പുതിയ മൊഡ്യൂൾ വരുന്നതോടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയും. ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാർഥികൾക്ക് അപ്പപ്പോൾത്തന്നെ അറിയാനും സാധിക്കും.
വിവിധ തസ്തികകളിലേക്ക് അഭിമുഖം, ചുരുക്കപ്പട്ടിക, ഓൺലൈൻ പരീക്ഷ, അർഹത പട്ടിക അടക്കം വിശദ വിവരങ്ങൾ www.keralapsc.gov.inൽ ലഭിക്കും.


