ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. വിവിധ കേസുകളിൽ ഉൾപ്പട്ട 24 എച്ച് എസ് ഒമാരെ സ്ഥലമാറ്റിയതിന് തൊട്ടാണ് നടപടി തുടരുന്നത്.
എന്നാൽ ഇതിനെല്ലാം ഇടയിൽ അതിനിടെ കസ്റ്റഡി കൊലപാതകം, മണല്‍ മാഫിയ ബന്ധം എന്നിവയുടെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന തിരുവല്ല മുന്‍ എസ്.എച്ച്.ഒ. സുരേഷ് വി. നായരെ സര്‍വീസില്‍ തിരിച്ചെടുത്തു. താനൂര്‍ കണ്‍ട്രോള്‍ റൂമിലാണ് പുതിയ നിയമനം.
നടപടി സ്ഥലം മാറ്റം
പോലീസ് സേനയിലെ കളങ്കിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് യൂണിറ്റ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനുള്ള നിര്‍ദേശം നല്‍കിയത്.
ഐ.ജി.മാര്‍, ഡി.ഐ.ജി.മാര്‍, സിറ്റി പോലീസ് കമ്മിഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കേണ്ടത്. പോക്‌സോ, ബലാത്സംഗം, വിജിലന്‍സ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പോലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിട്ട പോലീസുകാരുടെ വിവരങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്. മുന്‍കാല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മുഴുവന്‍ പോലീസുകാരും നടപടി നേരിട്ട മംഗലപുരം പോലീസ് സ്‌റ്റേഷനില്‍ പുതിയ എസ്.എച്ച്.ഒ.യെ നിയമിച്ചു.


