Monday, February 23, 2026

പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. 600 വർഷത്തെ ചരിത്രത്തിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ പരമോന്നത പുരോഹിതനാണ്.

മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു പേര്. ജനനം 1927 ഏപ്രിൽ 16ന് ജർമ്മനിയിലെ ബവേറിയയിൽ. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായി.

അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്.. 1945 ലായിരുന്നു ഇത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962ൽ  രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആ‍ർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി .ഇതേ വർഷം തന്നെ കർദ്ദിനാളും.1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ കടുത്ത നിലപാടെടുത്തു. 

തിരുത്തലുകളുടെയും ഏറ്റുപറച്ചിലുകളുടെയും അധ്യായമാണ് ബെനഡിക്ട് പതിനാറാമന്‍റെ കാലം. പാശ്ചാത്യ സഭയെ പിടിച്ചുലച്ച ,വൈദികർ ഉൾപ്പെട്ട ലൈംഗിക വിവാദങ്ങളിൽ പരസ്യമായി പ്രതികരിച്ചു, മാപ്പ് ചോദിച്ചു. അമേരിക്കൻ സന്ദർശനത്തിനിടെ ന്യൂയോർക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓർത്തഡോക്സ്, പ്രൊട്ടസ്റ്റെന്‍റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലർത്തിയ മാർപ്പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ. വിവാദങ്ങളും അദ്ദേഹത്തെ അകന്നു നിന്നില്ല. ക്രിസ്തുവുമായുള്ള സൗഹൃദമെന്നതായിരുന്നു ബനഡിക്ട് പതിനാറാമന്‍റെ പ്രബോധനങ്ങളുടെ കാതൽ. ക്രിസ്തീയതയ്ക്ക് ഒരാമുഖം എന്ന പ്രഭാഷണ സമാഹാരം ദൈവശാസ്ത്ര പഠന ഗ്രന്ഥങ്ങളിലെ ഏറ്റവും മൂല്യവത്തായ ഒന്നാണ്. സഭയുടെ യാഥാസ്ഥിതിക നിലപാടുകളിൽ നിന്ന് അധികദൂരത്തിലേക്ക് നീങ്ങാതെ തന്നെ പരിഷ്കരണത്തിനുവേണ്ടിയും നിലകൊണ്ട മാർപ്പാപ്പയാണ്

ചരിത്രം പോലെ ജീവിതം പിന്നിട്ട വഴികൾ

1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗര്‍. സാല്‍സ്ബര്‍ഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്. 1941-ല്‍ പതിനാലാം വയസ്സില്‍, ജോസഫ് റാറ്റ്‌സിംഗര്‍, നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍ അംഗമായി. അക്കാലത്ത് ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നു.

കുര്‍ബാന അര്‍പ്പിച്ചതിന് വൈദികനെ നാസികള്‍ ആക്രമിക്കുന്നത് ഉള്‍പ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു വളര്‍ന്നത് ജോസഫിന്റെ വിശ്വാസം കൂടുതല്‍ ശക്തമാക്കി. വൈകാതെ സെമിനാരിയില്‍ ചേര്‍ന്ന ജോസഫ് റാറ്റ്‌സിംഗര്‍, 1943-ല്‍ പതിനാറാം വയസില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ ആന്റി എയര്‍ക്രാഫ്റ്റ് കോര്‍പ്‌സ് വിഭാഗത്തില്‍ സഹായിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ജര്‍മന്‍ കാലാള്‍പടയില്‍ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് കടുത്ത സൈനിക ജോലികളില്‍നിന്ന് ഒഴിവ് ലഭിച്ചു.

റാറ്റ്‌സിംഗറുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ അമേരിക്കന്‍ സൈന്യം ചുവടുറപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പില്‍ അടക്കപ്പെട്ടു.1945-ല്‍ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗര്‍ അതേ വര്‍ഷം നവംബറില്‍ സഹോദരന്‍ ജോര്‍ജിനൊപ്പം വീണ്ടും സെമിനാരിയില്‍ തിരിച്ചെത്തി. ട്രോണ്‍സ്റ്റീനിലെ സെന്റ് മൈക്കിള്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. 1946 മുതല്‍ 1951 വരെ മ്യൂണിക്ക് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഫ്രെയ്‌സിങ് സ്‌കൂളില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1951 ജൂണ്‍ 29-ന് ഫ്രെയ്‌സിംഗില്‍ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോള്‍ഹാര്‍ബറില്‍നിന്ന് ഇരുവരും പൗരോഹിത്യം സ്വീകരിച്ചു.

1959-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. 1963-ല്‍ മുന്‍സ്റ്റെര്‍ സര്‍വകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയില്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. 1963 വരെ ബോണില്‍ അദ്ധ്യാപകനായിരുന്നു. 1963 മുതല്‍ 1966 വരെ മുന്‍സ്റ്റെറിലും 1966 മുതല്‍ 1969 വരെ തുബിന്‍ഗെനിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണ മേധാവിയായും സര്‍വകലാശാലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനമാരംഭിച്ച റാറ്റ്‌സിംഗര്‍ ഹാന്‍സ് ഉര്‍സ വോണ്‍ ബല്‍ത്തസര്‍, ഹെന്റി ഡേ ലുബാക്, വാള്‍ട്ടര്‍ കാസ്‌പെര്‍ തുടങ്ങിയവര്‍ക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന് മുന്‍കൈ എടുത്തു. 1972ലാണ് കമ്യൂണോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. 1977 മാര്‍ച്ച് 25-ന് പോള്‍ ആറാമന്‍ മാര്‍പാപ്പ ജോസഫ് റാറ്റ്‌സിംഗറെ മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വര്‍ഷം ജൂണ്‍ 27-ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗറെ കര്‍ദ്ദിനാളായി ഉയര്‍ത്തി.

1981 നവംബര്‍ 25-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായും നിയമിച്ചു. 1998 നവംബര്‍ ആറിന് കര്‍ദ്ദിനാള്‍ സംഘത്തിന്റെ വൈസ് ഡീനായും 2002 നവംബര്‍ 30ന് ഡീനായും ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19 ന് എഴുപത്തെട്ടാം വയസ്സില്‍ 265-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിച്ചതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്സിംഗര്‍ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...