പോളണ്ടിനെ 3-1ന് മറികടന്ന് ഫ്രാന്‍സും സെനഗലിനെ തകര്‍ത്ത് (3-0) ഇംഗ്ലണ്ടും ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡിസംബര്‍ പത്തിനു രാത്രി 12.30-നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഏറ്റുമുട്ടും.
പോളണ്ടിനെതിരേ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ ഒളിവര്‍ ജിറൂഡ് നേടി. പോളണ്ടിന്റെ ഏകഗോള്‍ പെനാല്‍ട്ടിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി നേടി. ആദ്യപകുതിയുടെ 44-ാം മിനിറ്റില്‍ എംബാപ്പെ കൊടുത്ത പന്ത് പെനാല്‍ട്ടിബോക്‌സിനുള്ളില്‍നിന്ന് ഇടങ്കാലന്‍ അടിയിലൂടെ ഒളിവര്‍ ജിറൂഡ് പോളണ്ടിന്റെ വലയിലെത്തിച്ചു. 74, 90+1 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍. സെനഗലിനെതിരേ ഇംഗ്ലണ്ടിന്റെ ഗോളുകള്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സണ്‍ (38), ഹാരി കെയ്ന്‍ (45+3), ബുക്കയോ സാക്ക (57) എന്നിവരുടെ വകയായിരുന്നു.
തുടക്കം സെനഗൽ കളിച്ചു
സെനഗല്‍ മത്സരത്തിന്റെ ആദ്യ 25 മിനിറ്റോളം, ഇംഗ്ലണ്ടിനെ വിറപ്പിച്ചു. പിന്നീട് തന്ത്രം മനസിലാക്കി ഫോം നിലനിർത്തി ഹാരി കെയ്നും സംഘവും കളിച്ചു കയറി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ പിറന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ജോര്‍ദന്‍ ഹെന്‍ഡേഴ്സനും ഹാരി കെയ്നും ബുകായോ സാക്കയുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. കളിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ മികച്ച അറ്റാക്കിങ് റണ്ണുകളിലൂടെ സെനഗള്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ കലിദു കുലിബലിയുടെ നേതൃത്വത്തിലുള്ള സെനഗല്‍ പ്രതിരോധം ഉറച്ച് നിന്നതോടെ ഫൈനല്‍ തേര്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തുടക്കത്തില്‍ സാധിച്ചില്ല.
എംബാപ്പെയുടെ കിലിയൻ ചിരി
കിലിയന്‍ എംബാപ്പെ മത്സരത്തിലുടനീളം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇരട്ട ഗോളുകള്‍ നേടിയ എംബാപ്പെ ഒരു അസിസ്റ്റും നല്‍കി. ലോകകപ്പിലും ചരിത്രമാവുകയാണ് ഈ യുവാവ്
ജിറൂദ് നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നല്‍കികൊണ്ടാണ് എംബാപ്പെ തുടങ്ങിയത്. രണ്ടാം പകുതിയിലെ 74-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോളടിച്ചു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിക്കൊണ്ട് എംബാപ്പെ കത്തിക്കയറി. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ്പ്‌സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതെത്താനും എംബാപ്പെക്കായി. അഞ്ച് ഗോളുകളാണ് ലോകകപ്പിലെ എംബാപ്പെയുടെ നേട്ടം.
ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോള്‍നേട്ടം ഒമ്പതാണ്. കഴിഞ്ഞ ലോകകപ്പില്‍ എംബാപ്പെ നാല് ഗോളുകളാണ് നേടിയത്. ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ ഫ്രാന്‍സ് താരം കൂടിയാണ് എംബാപ്പെ.
ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനായി അഞ്ച് തവണ വലകുലുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. 1958-ല്‍ ജസ്റ്റ് ഫൊണ്ടയിന്‍ 13-ഗോളുകള്‍ നേടിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജുകളില്‍ അഞ്ച് ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായും ഈ 23-കാരന്‍ മാറി.


