പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസ് നോട്ടീസ്. സജി ചെറിയാൻ്റെ ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതാണെന്ന സതീശൻ്റെ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് നൊട്ടീസ്.
സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിലേതാണെന്ന വാദം സതീശന്‍ വ്യക്തമാക്കണം, ഇല്ലെങ്കിൽ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന നടത്തണം നോട്ടീസില്‍ ആര്‍.എസ്.എസ്. ആവശ്യപ്പെട്ടത്.
ഈ രണ്ടുകാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമനടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതിപക്ഷ നേതാവിനുള്ള മുന്നറിയിപ്പ്. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതുമുണ്ട്. ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആര്‍.എസ്.എസിന്റെ നോട്ടീസിനെ നിയമപരമായി തെന്നെ നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ആര്‍.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.