ഗുജറാത്തിലെ ഡീസ പ്രദേശത്ത് നിര്‍മാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയില്‍ നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബുധനാഴ്ച ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്സ്പോ 2022-ന്റെ ഉദ്ഘാടനവും പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രതിരോധമേഖലയുടെ പ്രധാനകേന്ദ്രമായി ഗുജറാത്ത് മാറുമെന്നും രാജ്യസുരക്ഷയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സംസ്ഥാനത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘പുതിയ വ്യോമതാവളത്തിന്റെ നിര്‍മാണത്തില്‍ ജനങ്ങള്‍ ഏറെ ആഹ്ളാദചിത്തരാണ്. അതിര്‍ത്തിയില്‍നിന്ന് 130 കിലോ മീറ്റര്‍ മാത്രമാണ് ഡീസയിലേക്കുള്ള അകലം. പദ്ധതി നടപ്പിലാവുന്നതോടെ വ്യോമസേനക്ക് രാജ്യത്തിന്റെ പശ്ചിമഭാഗത്തുനിന്നുള്ള ഏതു ഭീഷണിയേയും ഉത്തമമായി പ്രതിരോധിക്കാനാകും’, ഗുജറാത്തിയില്‍ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് മോഡി പറഞ്ഞു
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിമാനത്താവളനിര്‍മാണത്തിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും കേന്ദസര്‍ക്കാരിന്റെ അനാസ്ഥ മൂലം വര്‍ഷങ്ങളോളം പദ്ധതി വൈകി. താന്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ പ്രതിരോധസേനയിലെ അംഗങ്ങളുടെ സ്വപ്നം സഫലമാകാന്‍ പോകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.


