2018-ലെ മഹാപ്രളയ കാലത്ത് നല്കിയ അരിയുടെ വില ഉടന്‍ നല്കാന് കേരളത്തിന് കേന്ദ്രത്തിൻ്റെ അന്ത്യശാസനം. അന്നത്തെ സേനാ സഹായങ്ങൾക്ക് കാശ് ചോദിച്ചതിന് പിന്നാലെയാണ് അരി വിലയും ഈടാക്കുന്നത്. 205.81 കോടി രൂപ തിരിച്ചടക്കാൻ കേരളം തീരുമാനിച്ചു. ഇല്ലെങ്കിലും വരുംവര്‍ഷത്തെ എസ്.ഡി.ആര്.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നു അന്ത്യശാസനത്തിന് തുടർച്ചയായാണ് തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചിരിക്കുന്നത്.
ആപത്ത് കാലത്തെ സഹായത്തിനും വിലയിട്ടു
2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്ര സഹായമായി അനുവദിച്ച അരിയാണ്. നേരത്തേതന്നെ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേരളത്തിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച നിരവധി കത്തിടപാടുകള്‍ കേന്ദ്രവും കേരളവും തമ്മില്‍ നടന്നിട്ടുണ്ട്. എങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
പണമടക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേല്‍ എഫ്.സി.ഐ.യുടെ സമ്മര്‍ദം മുറുകിയതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ തന്നെ കേരളത്തിന് കത്തെഴുതി.
പ്രളയസഹായമായി എഫ്.സി.ഐ.യില്നിന്ന് അനുവദിച്ച അരിയുടെ വില അടിയന്തരമായി തിരിച്ചടച്ചില്ലെങ്കില്‍ അടുത്ത തവണത്തെ എസ്.ഡി.ആര്.എഫിലേക്ക് കേന്ദ്രത്തിന്റെ സഹായമായിവരുന്ന തുകയില്‍നിന്ന് കുറവ് വരുത്തുമെന്ന ഭീഷണി ആവർത്തിച്ചു. ഇത്തരത്തിൽ കുറവ് വരുത്തിയാൽ കേരളത്തിലെ റേഷൻ വിതരണം ഉൾപ്പെടെ താറുമാറാവും. അരി വില കുതിക്കും. ഇതോടെ പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടു.
മഹാപ്രളയകാലത്ത് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയമായതോടെ ഫീസ് ഈടാക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങി. പ്രളയ കാലത്തു സഹായമായി നൽകിയ അരിക്ക് പക്ഷെ വിലയിട്ടു.


