Monday, February 23, 2026

യുവതിയുടെ പ്രസവത്തിനായ് ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ കത്തി, ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് ഭാര്യയുമായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.

 കുററ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്.

ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.  

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ആശുപത്രിക്ക് 100 മീറ്റര്‍ മാത്രം അകലെവെച്ചാണ് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ രക്ഷപ്പെടാനാകാതെ ഇരുവരും അഗ്നിക്കിരയാവുകയായിരുന്നു.

ഡോർ ജാമായി, നിമിഷം കൊണ്ട് തീ പടർന്നു

ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തില്‍ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ കാറിന് ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തീ കണ്ടതിനെ തുടര്‍ന്ന് വഴിമധ്യേ നിര്‍ത്തിയ കാര്‍ റോഡില്‍ നിന്നുകത്തുകയായിരുന്നു. മരിച്ച പ്രജിത്തും റീഷയും മുന്‍വശത്താണ് ഇരുന്നിരുന്നത്. ഇവര്‍ക്ക് പുറമേ റിഷയുടെ മാതാപിതാക്കളും ഒരുകുട്ടിയും ഉള്‍പ്പെടെ നാല് പേരും കാറിലുണ്ടായിരുന്നു. പിന്‍സീറ്റിലായിരുന്ന ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കാറിന്റെ ഡാഷ്‌ബോര്‍ഡിന് മുന്‍വശത്തുനിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നുകൊടുത്തത്. പിന്‍സീറ്റിലിരുന്ന നാലുപേരും ഉടന്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. എന്നാല്‍ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ പ്രജിത്തും റിഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

തീ കത്തി പടർന്നു, സഹായത്തിനായ് വിളിച്ചിട്ടും അടുക്കാനാവാതെ നാട്ടുകാർ

ഓടിക്കൂടിയവരെ കൈകാട്ടി വിളിച്ച് പ്രജിത്ത് സഹായം അഭ്യര്‍ഥിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ വാഹനത്തിന് സമീപത്തേക്ക് ആര്‍ക്കും അടുക്കാനായില്ല.

അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയര്‍ സ്റ്റേഷന്‍. ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഫയര്‍ ഫോഴ്‌സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. എന്നാല്‍ തീ അതിവേഗത്തില്‍ ആളിപ്പടര്‍ന്നതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തെടുക്കും മുമ്പേ തന്നെ പ്രജിത്തും റീഷയും മരിച്ചിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍വശത്തെ ഡോറ് തുറക്കാന്‍ കഴിയാത്തതാണ് രണ്ടുപേര്‍ വെന്തുമരിക്കാന്‍ കാരണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...