Monday, August 18, 2025

പ്രാദേശിക ഫലങ്ങളിൽ നിന്നും മദ്യം ഉല്പാദിപ്പിക്കാൻ അനുമതി

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മേഖലയില്‍ ബാർ റെസ്റ്റോറന്റുകൾ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നയം ലക്ഷ്യം വെക്കുന്നു.

നൂറില്‍പരം വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ പുതുതായി തുറക്കാനാണ് നിര്‍ദ്ദേശം. ജനവാസ മേഖലയില്‍നിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിയിരിക്കും ഇവ തുറക്കുക.

ഐടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ബാർ – റെസ്റ്റോറന്റുകൾ അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ്..

ഉത്തരവാദിത്വത്തോടു കൂടിയുള്ള വിനോദ സഞ്ചാരവികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലകളിൽ മയക്കു മരുന്ന് ഉപയോഗം ഒരു തരത്തിലും അനുവദിക്കില്ല. എന്നാൽ മദ്യത്തിന്റെ ലഭ്യത ഒഴിച്ചു കൂടാൻ കഴിയാത്ത കാര്യമാണ്.

പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണ്ണമായി ഈ മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2023-24 വര്‍ഷം മുതല്‍ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിലും മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഗ്ലാസ്സ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ്സ് ബോട്ടിലുകളിലും ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയില്ലെന്നും സർക്കാർ വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/ സംഭരണം/ ഉപയോഗം എന്നിവ സംബന്ധിച്ച് ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിക്കുന്നതിനായി വെബ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. ‘ People’s eye’ എന്ന പേരിലായിരിക്കും ആപ്പ്. ഇത് വഴി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാന്‍ കഴിയുമെന്നും സർക്കാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പ്രാദേശിക തലത്തിൽ പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം

കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും , ബിയറും  ഉൽപാദിപ്പിക്കുന്നതിനായി  നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം കൂട്ടാനും  പുതിയ യൂണിറ്റുകള്‍ തുടങ്ങാനും അനുമതിയുണ്ടാവും. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിന് അനുമതി ലഭിക്കും

  നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും.എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും 2022 ഏപ്രില്‍ 1 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.  മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലക്ക്  ഗുണം ചെയ്യുകയുമില്ല.അത്‌ പരിഹരിക്കാൻ നടിപടിയെടുക്കും. 

എഫ്.എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും.  കൂടുതല്‍ എഫ്.എല്‍1 ഷോപ്പുകള്‍ walk in facility സംവിധാനത്തോടെ നവീകരിക്കും.   എഫ്.എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും. കെ.എസ്.ബി.സി വിദേശമദ്യ ചില്ലറവില്പനശാലകളില്‍ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കാനും തീരുമാനമുണ്ട്.

 ഐ ടി പാര്‍ക്കുകളിൽ  നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.  കള്ള് ചെത്ത് വ്യവസായം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമാണ്.  സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജ്ജനത്തിലൂന്നിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.  മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ്  എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് മുന്‍തൂക്കം നല്‍കി വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിമുക്തി മിഷന്‍ വഴി നടപ്പിലാക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ‘ലഹരിവിരുദ്ധ ക്ലബ്ബുകള്‍’ രൂപീകരിച്ചിട്ടുള്ളതാണ്.

ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതരായവരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍  പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.പ്രൊഫഷണല്‍ കോളേജുകളിലെ ലഹരി ഉപയോഗം തടയുന്നതിന്  സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ആരംഭിച്ച ”നേര്‍ക്കൂട്ടം”, ഹോസ്റ്റലുകളില്‍ ആരംഭിച്ച ”ശ്രദ്ധ” എന്നീ സമിതികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും.  വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ തയ്യാറാകുന്ന കമ്പനികളില്‍ നിന്ന് ആയത് ലഭ്യമാക്കി വിമുക്തി മിഷന്റെ പ്രവര്‍ത്തനം കുടുതല്‍ വിപുലമാക്കും.


Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....