Monday, August 18, 2025

പ്ലസ് ടു കഴിഞ്ഞാൽ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ്

പ്ലസ് ടു കഴിഞ്ഞാൽ ബിരുദം മൂന്നു വർഷം, ബിരുദാനന്തര ബിരുദം രണ്ടു വർഷം. ഇവ രണ്ടും ഒന്നിച്ച് ചെയ്യാവുന്ന കോഴ്സുകളുണ്ട്. ഈ രണ്ടു വ്യത്യസ്തഘട്ടങ്ങളും സംയോജിപ്പിച്ചുള്ള പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഇന്റഗ്രേറ്റഡ് എം.എ./ഇന്റഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.കോം. എന്നിങ്ങനെയാണ് ആ കോഴ്സുകൾ.

പ്ലസ്ടു കഴിഞ്ഞുപോകാവുന്ന ബി.എ./ബി.എസ്‌സി./ബി.കോം എന്നിങ്ങനെയുള്ള സാധാരണ ബിരുദപ്രോഗ്രാമുകളുടെ ദൈര്‍ഘ്യം മൂന്നുവര്‍ഷമാണ്. ത്രിവത്സരബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദം വേണമെന്നുള്ളവര്‍ക്ക്, തുടര്‍ന്ന് രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എം.എ./എം.എസ്‌സി./എം.കോം. തുടങ്ങി മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ചേര്‍ന്നു പഠിക്കാം. അതിന് മറ്റൊരു അപേക്ഷ നൽകലും പ്രവേശനവും പ്രവേശന പരീക്ഷയും എല്ലാം വേണം.

ഇപ്രകാരം അഞ്ചുവര്‍ഷത്തെ പഠനം രണ്ടുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമ്പോള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ലഭിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇവയുടെ ഇൻ്റഗ്രേറ്റഡ് കോഴ്സുകൾ ഇപ്പോൾ പഠിക്കാം

ഇൻ്റഗ്രേറ്റഡ് കോഴ്സുകൾ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എസ്‌സി., മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എ. തുടങ്ങിയവ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) പ്രോഗ്രാമുകളാണ്. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഒരു പി.ജി. പ്രോഗ്രാമാണ്.

ബിരുദ പ്രോഗ്രാം, ബിരുദാനന്തരബിരുദ പ്രോഗ്രാം എന്നിങ്ങനെ രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കുന്ന പി.ജി. പ്രോഗ്രാമുകള്‍ക്കു തുല്യമാണ് ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍.

ഡ്യുവൽ ഡിഗ്രി

ഇന്റഗ്രേറ്റഡ് പ്രോഗ്രാം രണ്ടു വ്യത്യസ്ത പ്രോഗ്രാമുകള്‍ചേര്‍ന്ന ഒരു പ്രോഗ്രാമായതിനാല്‍ ചില സ്ഥാപനങ്ങളില്‍ ഇത് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നപേരിലും അറിയപ്പെടുന്നു. ഉദാഹരണത്തിന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബാച്ച്‌ലര്‍ പ്രോഗ്രാം (ബി.ബി.എ.), മാസ്റ്റേഴ്‌സ് പ്രോഗ്രാം (എം.ബി.എ.) എന്നിവചേരുന്ന പ്രോഗ്രാം, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) എന്ന് അറിയപ്പെടുന്നു. ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന ഐ.പി.എം ബിരുദത്തിനുശേഷമുള്ള എം.ബി.എ.ക്ക് തത്തുല്യമാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന ബി.എസ്.എം.എസ്. പ്രോഗ്രാം ഒരു ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമാണ്. ചില ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍, ആദ്യഘട്ടമായ ബിരുദതലം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബിരുദവുമായി കോഴ്‌സില്‍നിന്നും പുറത്തുവരാന്‍ അവസരം നല്‍കാറുണ്ട്. എക്‌സിറ്റ് ഓപ്ഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഇത് എല്ലായിടത്തും സാധ്യമാക്കണം എന്ന് നിർദ്ദേശിക്കുന്നുണ്ട്.

പക്ഷെ ഇത് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പോൾ പലയിടത്തും എക്സിറ്റ് ഓപ്ഷന്‍ ഇല്ലാത്ത ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നവര്‍ അഞ്ചുവര്‍ഷവും പഠിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷമേ പുറത്തുവരാന്‍ കഴിയൂ. സിലബസ് തുടര്‍ച്ച, ഇടയ്ക്കുള്ള സ്ഥാപനമാറ്റം ഒഴിവാക്കല്‍ തുടങ്ങിയവയൊക്കെ ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളുടെ മേന്‍മയാണ്.

തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഒരു പ്രോഗ്രാമില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ബിരുദത്തിനുശേഷം മറ്റൊരു മേഖലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ അനുയോജ്യമാകണമെന്നില്ല. എന്നാൽ നേരിട്ട് പിജി വരെ പഠിക്കാൻ ഇത് സൌകര്യമാണ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ നിലവിൽ വരുന്നതോടെ ഈ അസൌകര്യം മാറും എന്ന പ്രതീക്ഷയുണ്ട്. ബിരുദ തലത്തിൽ രണ്ടു വർഷം പഠിച്ചാൽ ഡിപ്ലോമ, ഒരു വർഷം പഠിച്ചാൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെ നിർദ്ദേശങ്ങളുമുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....