പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ഒമ്പതുവരെയാണ്. ജൂൺ 13-ന് ട്രയൽ അലോട്‌മെന്റും 19-ന് ആദ്യ അലോട്‌മെന്റും പുറത്തിറക്കും. മുഖ്യ അലോട്‌മെന്റ് ജൂലായ് ഒന്നിന് ആയിരിക്കും. അതിന് തുടർച്ചയായി ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ജൂൺ രണ്ടിനാണ് ഓൺലൈൻ അപേക്ഷസമർപ്പണം തുടങ്ങുക.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ ഈ വിദ്യാലയങ്ങളിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.
www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരുത്തലിനും ഉടനെ സാവകാശം ലഭിക്കു. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ വഴി വിദ്യാർഥികൾക്ക് സ്വന്തമായും അപേക്ഷ സമർപ്പിക്കാം. ഇതിനായി ഓൺലൈൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രവേശനനടപടികൾ സംബന്ധിച്ച പ്രോസ്പെക്ടസ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.
മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രത്യേകം അപേക്ഷ നൽകണം
എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്. 20 ശതമാനം സീറ്റുകളാണ് മാനേജ്‌മെന്റ് ക്വാട്ടയിലുള്ളത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽനിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.
മറ്റ് ബോർഡുകളിൽനിന്ന് യോഗ്യത നേടിയിട്ടുള്ളവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സി.ബി.എസ്.ഇ.യുടെ സ്‌കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെ മുഖ്യ അലോട്‌മെന്റിനുശേഷമുള്ള ഒഴിവുകളിലാണ് പരിഗണിക്കുക.


