ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടമണിഞ്ഞ് റാഫേല്‍ നദാല്‍. നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തറപറ്റിച്ചത്. സ്കോര്‍ 6-3, 6-3, 6-0.
22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ക്കുടമയായി ഇതോടെ നദാല്‍. 2005-ല്‍ ഇതേ ടൂര്‍ണമെന്റില്‍ വിജയിച്ചുകൊണ്ട് തുടങ്ങിയ കരിയറില്‍ ആകെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേരത്തെ സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യനോര്വേക്കാരനുമാണ്.
റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ കളിക്കാരൻ എന്ന റെക്കോഡും നേടി. ഫെഡറര്‍ക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.
കനത്ത കളി
ഫൈനലിൽ എതിരാളിയിൽ നിന്ന് കാര്യമായ എതിർപ്പുകൾ നേരിടാതെ അനായാസമായാണ് റാഫേൽ നദാൽ 14ാം കിരീടത്തിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും അദ്ദേഹം ആധിപത്യം പുലർത്തി. കാസ്പർ റൂഡിന്റെ സെർവുകൾ തകർത്ത് ഫ്രണ്ട് ഫൂട്ടിലൂടെയാണ് സ്പെയിൻകാരൻ മത്സരം ആരംഭിച്ചത്, രണ്ട് തവണ സ്വയം ഡബിൾ ഫോൾട്ട് വരുത്തിയെങ്കിലും പിന്നീട് ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് വലിയ വെല്ലുവിളികളാല്ലാതെ 6-3 എന്ന സ്കോറിൽ റാഫാ സ്വന്തമാക്കി.
രണ്ടാം സെറ്റിൽ നദാലിന്റെ സെർവ് ഭേദിച്ച് 3-1 ന് മുന്നിലെത്തിയ റൂഡ് മുന്നേറുമെന്ന് തോന്നിച്ചു. എന്നാൽ കളിയുടെ താളം വീണ്ടെടുത്ത സ്പാനിഷ് താരം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി. നോർവീജിയൻ താരത്തിന്റെ സെർവ് മൂന്ന് തവണ ഭേദിച്ച് രണ്ടാം സെറ്റ് 6-3ന് സ്വന്തമാക്കി.
മൂന്നാം സെറ്റിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട റൂഡിന് മുന്നിൽ നദാൽ വിജയത്തിലേക്ക് അനായാസം കയറുകയായിരുന്നു. റൂഡിന് തന്റെ എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ട മൂന്നാം സെറ്റിൽ ഒന്നു പിടിച്ചു നിൽക്കാൻ പോലുമായില്ല. അവസാന സെറ്റ് 6-0ന് ജയിച്ച് റാഫാ ഒരിക്കൽ കൂടി റോളങ് ഗാരോസിൽ രാജാവായി. നദാൽ വീണ്ടും തെളിയിച്ചു ‘കളിമണ്ണിന്റെ രാജാവ്’ താൻ തന്നെയാണെന്ന്.
മൂന്നാം സീഡുകാരനായ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് നദാല്‍ ഫൈനലില്‍ എത്തിയത്. സെമിയില്‍ നദാല്‍ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ ക്രൊയേഷ്യയുടെ മരിന് സിലിച്ചിനെ തോല്‍പ്പിച്ചാണ് (3-6, 6-4, 6-2, 6-2) റൂഡ് ഫൈനലില്‍ എത്തിയത്.


