രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പേർക്ക് പുതിയ ഗവർണർ പദവി നൽകി. ബാബരി മസ്ജിദ് കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതാണ് ഇതിൽ പ്രധാനം.
ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട അയോധ്യ കേസിൽ ഒപ്പം നിന്നവർക്ക് എല്ലം പദവികൾ നൽകിയിരുന്നു. പക്ഷെ അബ്ദുൾ നസീർ ഇതുവരെ പുറത്തായിരുന്നു. മുസ്ലിം മത വിഭാഗത്തില്‍ നിന്നുള്ള ബെഞ്ചിലെ ഏക അംഗമായിരുന്നു അദ്ദേഹം. ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. ബെഞ്ചിലെ മറ്റൊരു അംഗമായിരുന്നു അശോക് ഭൂഷണ്‍ നിലവില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ചെയര്‍പേര്‍സണാണ്.
കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ.
സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്. ജഡ്ജിമാരും സേനാതലവരും വിരമിച്ചാൽ രാഷ്ട്രീയ നോമിനേഷനുകൾ സ്വീകരിക്കുന്നത് നൈതികമല്ല എന്ന കീഴ് വഴക്കമാണ് ഉള്ളത്.
ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്വന്തമാക്കിയത് രാജ്യ സഭാ അംഗത്വം
നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ടിരുന്നു. ഇത് വലിയ നൈതിക വിശകലനങ്ങൾക്ക് വഴി വെച്ചു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതാണ് ഇതിനു ശേഷം ഉണ്ടായ വിവാദ നടപടി. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറും.
അയോധ്യ വിധിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുൾ നസീർ വിരമിച്ചത്. ഫെബ്രുവരിയിൽ ഗവർണറായി നിയമനം നൽകുകയും ചെയ്തു.
ഉപകാര സ്മരണകൾ
ഇതിന് പുറമെ വടക്കൻ മേഖല ആർമി കമാന്ററായിരുന്ന കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ അതിർത്തി പ്രദേശത്ത് തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് വടക്കൻ മേഖല ആർമി കമാന്ററായിരുന്ന കെ ടി പർനായിക്കിന്റെ ഗവർണറായുള്ള നിയമനം.
ബിജെപി രാഷ്ട്രീയവുമായി ചേർന്ന് നിൽക്കുന്ന നേതാക്കളെയാണ് ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറാകും. ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സ് മഹാരാഷ്ട്ര ഗവർണർ ആകും. നിലവിലെ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാഖ് ലഫ് ഗവർണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്സിനെ മഹാരാഷ്ട്ര ഗവർണർ ആയി നിയമിച്ചതോടെ സി പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നു, മുൻ കോയമ്പത്തൂർ എംപിയാണ് സി പി രാധാകൃഷ്ണൻ.
ശിവപ്രസാദ് ശുക്ല ഹിമാചൽ പ്രദേശ് ഗവർണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവർണറാകും. ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന ബിസ്വ ഭൂഷൺ ഹരിചന്ദൻ ചത്തീസ്ഗഡ് ഗവർണറാകും. ചത്തീസ് ഗഡ് ഗവർണർ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ഗവർണർ ലാ ഗണേശൻ നാഗലാന്റിലേക്ക് മാറി. ബിഹാർ ഗവർണർ ഫഗു ചൗഹാനെ മേഘാലയ ഗവർണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ ബിഹാർ ഗവർണറാകും. അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ബ്രിഗേഡിയർ ബി ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്. ഗവർണാറിയി നിയമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി ഗവർണർമാർക്ക് മാറ്റമില്ല. ഗോവ ഗവർണറായി ശ്രീധരൻ പിള്ളയും പശ്ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ജസ്റ്റീസ് അബ്ദുൾ നസീർ ഗവർണർ പദവിയിൽ എത്തുമ്പോൾ
അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു. കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ തുറന്ന കോടതിയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
നോട്ട് നിരോധനത്തിലും കൂടെ നിന്നു
നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആയിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് നസീര്‍ ഉള്‍പ്പടെ നാല് അംഗങ്ങള്‍ വിധിച്ചിരുന്നു. എന്നാല്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധി എഴുതി.
മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയതും ജസ്റ്റിസ് അബ്ദുള്‍ നസീറായിരുന്നു. മന്ത്രിമാര്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാനായി കഴിയില്ലെന്നും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങള്‍ വിധിച്ചു. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധിയെഴുതി.
ആർ എസ് എസ് നും പ്രിയപ്പെട്ടവൻ
ആര്‍എസ്എസ്സിന്റെ അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അധിവക്ത പരിഷത്തിന്റെ പതിനാറാമത് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. 2021 ഡിസംബര്‍ 26നാണ് ആര്‍എസ്എസ്സിന്റെ പരിവാര്‍ സംഘടനയുടെ വേദിയില്‍ ജസ്റ്റിസ് നസീര്‍ പ്രഭാഷണം നടത്തിയത്. ഇന്ത്യയിലെ നിയമ സംവിധാനം ഇപ്പോഴും കൊളോണിയല്‍ സ്വഭാവമുള്ളതാണെന്നും, അത് ഭാരതീയ വല്‍ക്കരിക്കണമെന്നും ജസ്റ്റിസ് നസീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.