വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികളെ കാണാതായി. 15,16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര് കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. പൊലീസ് അന്വേഷണം തുടങ്ങി.
സഹായിച്ചത് ആരാണ്
നാല് കുട്ടികളും രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ പറഞ്ഞു . മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം ഇവർക്ക് ലഭിച്ചു. ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടത്. സിസിടിവിയിൽ ആറു പേരുടെ ദൃശ്യങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഗ്രില്ലുകൾ തകർത്തത്. രാത്രി 11 മണിയോടെ കുട്ടികൾ പുറത്ത് കടന്നു. ചുറ്റുമതിൽ ഇല്ലാത്തത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ ബാലമന്ദിരത്തില്‍ നിലനിൽക്കുന്നുണ്ടെന്ന് എസിപി കെ സുദർശൻ വിശദീകരിച്ചു.

ഇത് ആദ്യമല്ല
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നും കണ്ടെത്തി. ബാലമന്ദിരത്തിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് ചര്‍ച്ചകൾ വലുതായി നടത്തിയിരുന്നു. കുട്ടികളെ ചാടിപ്പോവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളും എന്തെന്ന ചോദ്യം ഉയർന്നു.


