Monday, February 23, 2026

ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങേറ്റം

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് വേദി ഒരുങ്ങുന്നു. ആർ ജെ ഡിയുടെ നേതൃത്വത്തിലാണ് ഇവിടെ പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്. ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം ആര്‍ജെഡി തിരിച്ചുപിടിച്ചു.

ആർ ജെ ഡി ഒവൈസിയെ പിളർത്തി

അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരേയും പാര്‍ട്ടിയിലെത്തിച്ചുകൊണ്ടാണ് തേജസ്വി യാദവ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിൽ പരസ്പര തർക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.

കളി തുടങ്ങിയത് ബി ജെ പി, അവസരം കാത്ത് തേജസ്വി

2020-ല്‍ 243 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു.

പഴയ ചങ്ങതിമാരായ ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി. നിതീഷ് കുമാറിൻ്റെ സൂത്രങ്ങൾ ഫലിച്ചു. പക്ഷെ ബി ജെ പി കളിതുടർന്നു. എന്‍ഡിഎയുടെ തന്നെ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്‌സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തി. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

ആർ ജെ ഡി തിരിച്ചു പയറ്റിയത് ഒരേ തന്ത്രം

കൈവിട്ടുപോയെ ഈ സ്ഥാനമാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരെ അടര്‍ത്തികൊണ്ട് ആര്‍ജെഡി കഴിഞ്ഞ ദിവസം തിരികെ പിടിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുകളാണ് ഉള്ളത്.

നോട്ടം ഭരണ മുന്നണിയിലെ തമ്മിൽ തല്ലിൽ

കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ആർജെഡിക്ക് ഇല്ല. ഭരണപക്ഷത്ത് നിലവില്‍ 127 എംഎല്‍എമാരും പ്രതിപക്ഷത്ത് 116 എംഎല്‍എമാരുമാണ് നിലവില്‍ ഉള്ളത്.

അഗ്നിപഥ്, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി-ജെഡിയു നേതാക്കള്‍ തമ്മില്‍ ഏറെനാളായി പോര് തുടങ്ങിയിട്ട്. ഈ സാഹചര്യം മുതലെടുക്കാനാവുമോ എന്നതാണ് കളി.
നിയമസഭയിലും ഭരണകക്ഷിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വ്യക്തമാണ്. തിങ്കളാഴ്ച ബിജെപി മുന്നോട്ട് വെച്ച ‘മികച്ച നിയമസഭാ സമാജികന്‍’ എന്ന വിഷയത്തില്‍ ജെഡിയു പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ചത് ബിജെപിക്ക് വലിയ കുറച്ചിലായിരുന്നു.

സമീപകാലത്തായി നിതീഷ് കുമാര്‍ ലാലു കുടുംബവുമായി അടുത്തതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മാത്രമല്ല ലാലുവിൻ്റെ രാഷ്ട്രീയം ബിഹാറിൽ ഇപ്പോഴും വേരാഴ്ത്താൻ സാധ്യതയുള്ളതാണ്. കൈവിട്ടു പോയ അധികാരക്കളിയുടെ അടവുകൾ അവർ തിരികെ നേടുന്നുമുണ്ട്.

മോഡി വിരോധവും നിതീഷും

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ജെഡിയുമായി സഖ്യത്തിലായത്. തുടര്‍ന്ന് ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ ഭരണം നിലനിര്‍ത്തി. ഇതിനു പിന്നാലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരെ കൂടെ ചേര്‍ത്ത് മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു.

തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ മറയാക്കിയാണ് നിതീഷ് കുമാർ പിന്നീട് ജെഡിയു മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. ബിജെപി പിന്തുണ ഉറപ്പിച്ച് വീണ്ടും അധികാരത്തില്‍ എത്തി.

നിതീഷ് കുമാറിന് ബി ജെ പിയും ആർജെഡിയും അധികാരം പിടിക്കുന്നതിൽ വ്യത്യസ്തമല്ല എന്നും കാണാം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...