ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു.
നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റേക്കും. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അല്‍പ്പസമയത്തിനുള്ളില്‍ ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സൂചന.
മഹാരാഷ്ട്രയിൽ അട്ടിമറിച്ചു, ബിഹാറിൽ അട്ടിമറിഞ്ഞു വീണു
മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട അധികാരം അട്ടിമറിയിലൂടെ പിടിച്ചെടുത്തത് മുന്നണിയിലെ കക്ഷികളിൽ വിശ്വാസം നഷ്ടപ്പെടുത്തി. മഹാരാഷ്ട്രയിൽ മന്ത്രിസഭാവികസനം നടക്കുന്ന അതേദിവസം തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത്.
ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.
ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല.
ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാർ എംഎല്‍എമാരോട് പറഞ്ഞിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചത്.


