ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാംവർഷത്തിലേക്കു പ്രവേശനം നേടി എൻജിനിയറിങ് ബിരുദമെടുക്കാൻ അവസരമൊരുക്കുന്ന ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ കേരള അപേക്ഷ ക്ഷണിച്ചു.
ബി.ടെക്. കോഴ്സുകൾക്ക് അനുവദിച്ച സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകളിലും ആദ്യവർഷത്തിലെ ഒഴിവായ സീറ്റുകളിലുമാണ് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനം.
എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് അലോട്ട്മെൻ്റ് നടത്തുന്നത്. ലാറ്ററൽ എൻട്രി വഴി പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സീറ്റുകൾ എന്നിവയുടെ വിശദാംശങ്ങൾ, ഓൺലൈൻ അലോട്ട്മെൻറിനു മുമ്പായി പ്രസിദ്ധപ്പെടുത്തും.
www.lbscentre.kerala.gov.in ൽ വിവരങ്ങൾ ലഭിക്കും
കേരളത്തിൻനിന്ന് പുറത്തുനിന്നുള്ളവരെ സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്മെൻറ് സീറ്റുകളിലേക്ക് പരിഗണിക്കും.
യോഗ്യതയും അപേക്ഷയും
യോഗ്യത: എൻജിനിയറിങ്/ടെക്നോളജിയിലെ ത്രിവത്സര ഡിപ്ലോമ/ദ്വിവത്സര ലാറ്ററൽ എൻട്രി ഡിപ്ലോമ/ഡി.വൊക്. (വൊക്കേഷണൽ ഡിപ്ലോമ) അല്ലെങ്കിൽ പ്ലസ്ടു/ബിരുദ തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുള്ള ബി.എസ്സി.
യോഗ്യതാ കോഴ്സിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഫീസ് ജൂലായ് 11 വരെ അടയ്ക്കാം. അപേക്ഷ പൂർത്തിയാക്കാൻ ജൂലായ് 13 വരെ സമയമുണ്ട്.
കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഒ.എം.ആർ. അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പരീക്ഷയിലെ സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം


