ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബിസിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബിബിസി ഡോക്യുമെൻ്ററി. ഇത് പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്നും ജയശങ്കര്‍ പറഞ്ഞു.
രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ മാധ്യമങ്ങളുടെ മറയില്‍ കളിച്ച മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിത്. ഇതിന് പിന്നിലുള്ളവര്‍ രാഷ്ട്രീയ രംഗത്തേക്ക് വരണമെന്ന വെല്ലുവിളിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിനകത്തുനിന്നല്ല പുറത്തുനിന്നാണ് ആവിര്‍ഭവിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്ക്കെതിരേ വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുവെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.
‘1984-ല്‍ ഡല്‍ഹിയില്‍ നിരവധി കാര്യങ്ങള്‍ നടന്നു. എന്തുകൊണ്ട് അതിലൊന്നും ഡോക്യുമെന്ററി കണ്ടില്ല? ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം ആകസ്മികമാണെന്ന് കരുതുന്നുണ്ടോ? ഞാന്‍ ഒരുകാര്യം പറയാം, ഇന്ത്യയിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്ന് ഉറപ്പാണ്’, ജയശങ്കര്‍ പറഞ്ഞു.
“ജനാധിപത്യത്തിലെ മറ്റ് കാര്യങ്ങളിൽ – ബാലറ്റ് പെട്ടിയും ജനവിധിയും അന്തിമ അഭിപ്രായമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ? ഞാന്‍ വിശ്വസിക്കുന്നു. തങ്ങളുടെ കാഴ്ചപ്പാട് തിരഞ്ഞെടുപ്പ് ഫലത്തെ മറികടക്കുമെന്ന് വിശ്വസിക്കുന്ന ചിലരുണ്ടെന്ന് എനിക്കറിയാം. നോക്കൂ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു-മഹത്തായ ജനാധിപത്യം. നിങ്ങൾ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ‘തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’. നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്കായി ഇത് നീക്കിവച്ചിരിക്കുന്നു. ഇതാണ് രാഷ്ട്രീയം”-അദ്ദേഹം പറഞ്ഞു.
ചൈന അതിര്‍ത്തിയില്‍ ഇന്ത്യ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തെ മന്ത്രി പരിഹസിച്ചു. ചൈന അതിര്‍ത്തിയിലേക്ക് രാഹുല്‍ ഗാന്ധിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി തുറന്നടിച്ചു. അതിര്‍ത്തി വിഷയത്തില്‍ വ്യക്തമായ നിലപാട് ഇന്ത്യയ്ക്കുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യന്‍ മണ്ണിലേക്ക് ചൈന എത്തിയത് 1958ലും 1962ലുമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അന്ന് ചൈന കയ്യേറി. അതിന് കാരണം നരേന്ദ്രമോദി ആണെന്നാണോ കോണ്‍ഗ്രസ് പറയുക എന്ന് ജയശങ്കര്‍ ചോദിച്ചു.
1988ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബീജിങ്ങിലേക്ക് പോയി. അതിനു ശേഷം ചൈനയുമായി രണ്ട് കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. അതൊക്കെ തെറ്റാണെന്ന് പറയാനാകില്ല. കാരണം അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ കാലത്തും നടപടികള്‍ ഉണ്ടായിട്ടുള്ളത് എന്നും ജയശങ്കര്‍ പറഞ്ഞു.


