ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത കമ്പനി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന വിജിലൻസ് കേസ് അട്ടിമറിച്ചു. സി.പി.എം. പ്രാദേശിക നേതാവ് മാനേജിങ് പാര്‍ട്ണറായ കമ്പനിയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയില്ല.
രണ്ടുമാസത്തിനകം ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തിയത് മരവിപ്പിച്ചു.
ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാറുള്ളത് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ്. ഒരുമാസം 30 ലക്ഷത്തിലധികം രൂപയുടെ കരാറാണ് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ളത്. 250 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇത്രയും മാലിന്യം സംസ്‌കരിക്കുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമായിരുന്നു ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. ഒറ്റപ്പാലം, മലപ്പുറം നഗരസഭകളിലെ മാലിന്യസംസ്‌കരണത്തിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് ഹാജരാക്കിയത്.
ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന പരാതിയില്‍ 2022 നവംബറില്‍ ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. രണ്ടുമാസത്തിനുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ആ ആന്വേഷണം ഇന്നുവരെ എങ്ങുമെത്തിയിട്ടില്ല. വിജിലന്‍സിന്റെ എറണാകുളം റെയ്ഞ്ച് ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് കത്തയച്ചുവെന്നല്ലാതെ മറ്റൊരു നടപടിയും കേസില്‍ ഉണ്ടായിട്ടില്ല.
കോടതി ഉത്തരവുണ്ടെങ്കിലും അന്വേഷണം നടത്താന്‍ സെക്ഷന്‍ 17 പ്രകാരം സര്‍ക്കാരിന്റെ അനുമതി വേണം. ഇതിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇതാണ് അന്വേഷണം മുന്നോട്ടുപോകാതിരിക്കാന്‍ കാരണമെന്നാണ് വിജിലന്‍സിൽ അന്വേഷിക്കുമ്പോൾ നൽകുന്ന മറുപടി.


