ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. മാത്രമല്ല ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെ ന്യായീകരിക്കാവുന്ന തെളിവുകൾ കൂടി ചേർത്തു കൊണ്ടാണ് കുറ്റപത്രമെന്നതും വാർത്തയായി. കേസ് നാലിന് പരിഗണിക്കും.
കുറ്റപത്രത്തിൽ കുറ്റങ്ങൾ നിഷേധിക്കുന്ന പോയിൻ്റുകൾ
ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു ഇരയായ കുട്ടിയുടെ പിതാവിൻ്റെ നിലപാട് മാറ്റം.
പരാതി ഉന്നയിച്ച കാലത്ത് താരങ്ങളും ബ്രിജ് ഭൂഷണും നല്ല ബന്ധത്തിലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ 6 വീഡിയോകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചുണ്ടെന്നാണ് സൂചന. വിദേശത്തും പീഡിപ്പിച്ചിട്ടുണ്ടെന്ന വാദം നിഷേധിക്കാൻ തെളിവാകുന്ന 6 വിദേശ ഫെഡറേഷനുകളുടെ പ്രതികരണവും കുറ്റപത്രത്തിൽ വിശാലമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളിലൊന്നും താരങ്ങളുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഫെഡറേഷനുകളുടെ മറുപടി ഇതിനായി കൂട്ടിച്ചേർക്കുകയാണ് ചെയ്തത്.
പോക്സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്‍റെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാല്‍ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അടുത്ത തിരഞ്ഞെടുപ്പിൽ ഏത് പാർട്ടി കൂടെയില്ലെങ്കിലും മത്സരിക്കും എന്ന് ബ്രിജ് ഭൂഷൻ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
പൊലീസ് നിലപാട് നേരത്തെ കണ്ട് കേന്ദ്രം
അന്വേഷണത്തില്‍ പൊലീസിന്‍റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാർ മുൻകൂട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാല്‍ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം.
അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന പ്രസ്താവനയും നടത്തിയിരുന്നു. എന്നാല്‍ മെഡലുകള്‍ ഒഴുക്കാനുള്ള നീക്കത്തില്‍നിന്ന് അവസാന നിമിഷം താരങ്ങള്‍ പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.
ചർച്ചാ നാടകങ്ങൾക്ക് ഒടുവിൽ സ്ഥാനാർത്ഥിത്തവും പ്രഖ്യാപിച്ചു
പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായും ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പരാതികളില്‍ ഈ മാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.അതിനിടെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിജ്ഭൂഷണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ബി ജെ പി എം.പിയായ ബ്രിജ് ഭൂഷൻ ശരൺ സിങ് രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം മാഫിയ ബന്ധങ്ങളുള്ള നേതാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്നു ജില്ലകളിലെ എങ്കിലും വോട്ടുകൾ സ്വാധീനിക്കാൻ തക്ക പിൻബലമുണ്ട്. ഒരു വർഷം മുൻപ് തന്നെ പ്രധാനമന്ത്രിക്ക് മുൻപിൽ പീഡന പരാതി ഉന്നയിച്ചിരുന്നു എന്ന് സമര രംഗത്തുള്ളവർ പറഞ്ഞിരുന്നു. അന്ന് നടപടി ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ അജ്ഞാത കാരണങ്ങളാൽ എല്ലാം ബ്രിജ് ഭൂഷന് അനുകൂലമായി തീർന്നു.


