ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 96 വയസായിരുന്നു.
ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്തതസഹചാരിയായിരുന്ന അദ്ദേഹം പിന്നീട് കേരളത്തിലെ സിപിഎമ്മിനോട് അകന്നു. വി.എസ്. അച്യുതാനന്ദനുമായുള്ള അടുപ്പത്തിലൂടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ കാലത്ത് ശ്രദ്ധേയനായി. പിണറായി പക്ഷത്തിന് വിരുദ്ധനായി നിലകൊണ്ടു.
1943-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍ അവസാനത്തെ പ്രതിനിധിയാണ്. മരിക്കും മുമ്പ് പിണറായി വിജയനെ കാണണമെന്നും ക്ഷമ ചോദിക്കണമെന്നും പറഞ്ഞിരുന്നു.
കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം.
പി. കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിര്‍ദ്ദേശിച്ചത് കുഞ്ഞനന്തനേയായിരുന്നു. 1938ൽ കല്യാശേരിയിലാണ് ബാല ഭാരതസംഘം രൂപംകൊണ്ടത്. ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമ സെക്രട്ടറിയായാണ് രാഷ്‌ട്രീയത്തിലേക്ക് എത്തിയത്
1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാര്‍ട്ടി അംഗത്വം ലഭിക്കുന്നത്. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു.
945– 46ൽ ബോംബെയിൽ രഹസ്യമായി പാർടി പ്രവർത്തനം നടത്തി. 1948ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു.
1965 മുതൽ ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യൻ ലേഖകനായി ബർലിൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഇതോടെയാണ് ‘ബർലിൻ’ പേരിന്റെ ഭാഗമായത്. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിലും എഴുതി. അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ അട്ടിമറി രഹസ്യങ്ങൾ വിവരിക്കുന്ന ‘പിശാചും അവന്റെ ചാട്ടുളിയും’ എന്ന പുസ്‌തകം പ്രസിദ്ധം. കിഴക്കൻ ജർമൻ സർക്കാരിന്റെ സ്‌റ്റാർ ഓഫ് ഇന്റർനാഷണൽ ഫ്രൻഡ്‌ഷിപ്പ് ഉൾപ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും എകെജിക്കൊപ്പവും ഏറെക്കാലം പ്രവര്‍ത്തിച്ചു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു. 2005ല്‍ സിപിഎം പുറത്താക്കിയെങ്കിലും 2015ല്‍ തിരിച്ചെടുത്തു.


