ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആസാദിനെ സഹരണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻസീറ്റിൽ ആയിരുന്നു ആസാദ്. ബൈക്കിലും കാറിലുമെത്തിയ ആയുധധാരികളായ സംഘമാണ് മിന്നലാക്രമണം നടത്തിയത്.
നാല് റൌണ്ട് വെടി ഉതിർത്തതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ചന്ദ്രശേഖർ ആസാദിൻ്റെ ദേഹത്ത് തുളച്ച് കയറിയത്. കാറിന്റെ മുന്‍വശത്തെ ഡോറിലും സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറി.
സഹരാൻപൂരിൽ തന്‍റെ സംഘടനാ പ്രവർത്തകന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ചന്ദ്രശേഖർ ആസാദ് എത്തിയത്. ദിയോബന്ദ് എന്ന സ്ഥലത്തുവെച്ച് ചന്ദ്രശേഖറും അനുയായികളും സഞ്ചരിച്ച വാഹനത്തിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
വധശ്രമം ഇത് രണ്ടാം തവണ

ഒപ്പമുണ്ടായിരുന്നവര്‍ അക്രമകാരികളെ തിരിച്ചറിഞ്ഞതായി ആസാദ് പോലീസിനോട് പറഞ്ഞു. തനിക്ക് ആളുകളെ വ്യക്തമായി ഓര്‍മയില്ല. വെടിവെപ്പിന് ശേഷം അവരുടെ കാർ സഹരൻപൂർ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. സംഭവം നടക്കുമ്പോൾ സഹോദരൻ ഉൾപ്പെടെ അഞ്ചുപേർ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് ഇദ്ദേഹത്തിൻ്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായത് വാർത്തയായിരുന്നു.
ഹാഥ്‌റസ് വിഷയത്തിലടക്കം ചന്ദ്രശേഖര്‍ ആസാദ് നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധനേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി. തിഹാര്‍ ജയിലിലടച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആക്രമണത്തെ അപലപിച്ച എസ്.പി നേതാവ് അഖിലേഷ് യാദവ്, യു.പിയിലെ ബി.ജെ.പി ഭരണത്തിൽ ജനപ്രതിനിധികൾ പോലും സുരക്ഷിതരല്ലെങ്കിൽ സാധാരണക്കാരന് എന്ത് സുരക്ഷിതത്വമാണുള്ളതെന്ന് ചോദിച്ചു. കാട്ടുനീതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.


