ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായി, എഐ ക്യാമറ – സർവകലാശാല വിവാദങ്ങൾ പരാമർശിച്ച് ജെ. പി. നദ്ദ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് തുടക്കമിടുകയാണ് ബിജെപി. പാർട്ടി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന തിരുവനന്തപുരത്ത് ബൂത്ത് ഭാരവാഹികൾ മുതൽ മുകളിലേക്ക് ഉള്ളവരെ ഉൾപ്പടുത്തിയാണ് വിശാൽ ജനസഭ സംഘടിപ്പിച്ചത്. കേരളത്തിന്റെ ബൗദ്ധിക മുന്നേറ്റങ്ങളെ ഇടതു സർക്കാർ കായികമായി അടിച്ചമർത്തുകയാണെന്ന് ജെ. പി. നദ്ദ പറഞ്ഞു.


