ആലപ്പുഴയിൽ നിന്ന് 17 വർഷം മുൻപ് കാണാതായ രാഹുലിൽ എന്ന കുട്ടിയുടെ അച്ഛൻ എ കെ രാജു ജീവനൊടുക്കി. മെയ് 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു.
ഇതിന് പിന്നാലെ രാജു കടുത്ത വിഷാദത്തിലായിരുന്നു. സി ബി ഐ വരെ അന്വേഷിച്ചിട്ടും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല.
മരണ സമയത്ത് ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ച ശേഷം തൂങ്ങുകയായിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും എത്തിയപ്പോഴേക്കും മരിച്ചു.
കുഞ്ഞിനെ കാണാതാകുമ്പോൾ വിദേശത്തായിരുന്നു രാജു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടിലേക്ക് വന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ടു. മാനസികമായി തളർന്നു. ചികിത്സയിലായിരുന്നു.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതായത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാൽ സിബിഐക്കും കേസിൽ ഒന്നും കണ്ടെത്താനായില്ല.
രാഹുലിനെ കാണാതായ ശേഷം രാജു – മിനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ശിവാനി എന്ന് പേരുള്ള ഈ പെൺകുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഭര്യ മിനി കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ ജീവനക്കാരിയാണ്.