മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിട്ടും പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി. പ്രകടനപത്രിക പുറത്തിറക്കാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു. പുതിയ രീതിയിലായിരിക്കും പ്രകടനപത്രിക കൊണ്ടുവരികയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫെബ്രുവരി 27 നും മാർച്ച് 3 നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. മാർച്ച് 10 ന് വോട്ടെണ്ണും.
കോൺഗ്രസ് ക്യാമ്പിൽ നിന്നും എത്തി മുഖ്യമന്ത്രി സ്ഥാനം നേടിയ എൻ ബിരേൻ സിങ് തന്നെയാവും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന സൂചന നൽകിയാണ് വോട്ട് പിടിക്കുന്നത്. എന്നാൽ ബിരേൻ സിങിന്റെ പേര് താത്കാലികമാണ്. ബി ജെ പി വളർത്തി കൊണ്ടു വരുന്ന യുവ നേതാവാകും പുതുമുഖം എന്നാണ് റിപ്പോർട്ടുകൾ
“എൻ ബിരേൻ സിംഗിൻ്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, മണിപ്പൂരിൽ ബിജെപി അഞ്ച് വർഷം വിജയകരമായി പൂർത്തിയാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും” – യാദവ് പറഞ്ഞു. പ്രധാനമന്ത്രി മോദിയും മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്ന് യാദവ് ഉറപ്പ് നൽകി. മണിപ്പൂർ തെരഞ്ഞെടുപ്പിൽ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കും. സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ ജയം ഉറപ്പാണെന്നും യാദവ് കൂട്ടിച്ചേർത്തു.
തീവ്രവാദ സംഘടനകൾ തങ്ങളുടെ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ആരോപിച്ചിരുന്നു. ഗ്രാമത്തലവന്മാരെ ഭീഷണിപ്പെടുത്തി ഭരണകക്ഷിക്ക് വോട്ട് ചെയ്യാൻ സായുധരായ തീവ്രവാദികൾ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നും എൻപിപി കുറ്റപ്പെടുത്തുകയുണ്ടായി