മണിപ്പൂരിൽ സ്കൂൾ വിദ്യാർഥിനികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് കീഴ്മേൽ മറിഞ്ഞ് ഒൻപത് വിദ്യാഥിനികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പർവ്വത പ്രദേശമായ നോനെ ജില്ലയിലെ പഴയ കച്ചാർ റോഡിലാണ് അപകടം. ഇംഫാൽ ഈസ്റ്റിൽ നിന്നുള്ള ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികളാണ്.
വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് രാവിലെ 10 മണിയോടെയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലോങ്സായി തുബുങ് വില്ലേജിലൂടെ കടന്നു പോകുമ്പോഴാണ് അപകടം. രണ്ടു ബസ്സുകളിലായാണ് കുട്ടികൾ സഞ്ചരിച്ചത്. ഇതിൽ പെൺകുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
തണുപ്പ് കാലമായതിനാൽ ഈ മേഖലയിൽ റോഡിൽ മൂടൽ മഞ്ഞ് സാധാരണമാണ്. സംസ്ഥാനത്തെ ഏറ്റവും മോശമായ റോഡ് സൌകര്യം നിലനിൽക്കുന്ന പ്രദേശവുമാണ്. സ്ഥിരമായി വൻ തോതിൽ ഫണ്ടുകൾ നീക്കി വെക്കാറുള്ള റോഡാണ്. എന്നാൽ ഇവിടെ റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികൾ ഇറക്കി വെച്ച് തിരികെ കൊണ്ടു പോകുന്നതാണ് പതിവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ നിലയിൽ എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശമാണ്.