സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാൻ സർക്കാർ തയാറെടുക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് അവർക്കുമേലുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലെ നഷ്ടം നികത്താനാണ് വില വർധന.
മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാനാണ് ധാരണയായിരിക്കുന്നത്. ഇതാണ് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും വാങ്ങിക്കാൻ തീരുമാനിക്കുന്നത്.
വില്‍പന നികുതി കൂട്ടണോ എന്നത് പഠിക്കാന്‍ ധനവകുപ്പ് സമിതിയെ നിയമിച്ചു. സമിതി റിപ്പോര്‍ട്ട് അനുസരിച്ചാകും സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മദ്യവില കൂട്ടുന്നതിനെ എക്‌സൈസ് വകുപ്പ് എതിര്‍ത്തു. ഉയർന്ന മദ്യവില ഇതര ലഹരികൾ കൂടുന്നതിന് കാരണമായിട്ടുണ്ട്. വ്യാജവാറ്റും ഏറുന്നു.
മദ്യവില വര്‍ധിപ്പിക്കണോ, എത്ര വര്‍ധിപ്പിക്കണം എന്നീ കാര്യങ്ങള്‍ ധനവകുപ്പ് സമിതി പഠനം നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.
ലഹരിയിൽ മുക്കി, വില കൂട്ടി; ഇതര ലഹരി തേടി ജനം
ഈ നികുതി ഒഴിവാക്കിയാല്‍ ഒരു മാസം 170 കോടിയോളം രൂപയുടെ നഷ്ടം വരും. ഇത് ഒഴിവാക്കാനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.അതേസമയം, ബാറുകളുടെ വിറ്റുവരവ് നികുതി വാങ്ങുന്നത് തുടരാനും തീരുമാനമായിട്ടുണ്ട്.
ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇപ്പോൾ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. വെയര്‍ഹൗസുകളില്‍ മദ്യശേഖരം കുറഞ്ഞുവരികയാണ്. ഇതോടെ വ്യാജമദ്യത്തിന്റെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് നൽകിയിരിക്കയാണ്. 20,000 കെയ്‌സ് മദ്യമാണ് ദിനംപ്രതി കേരളത്തില്‍ വിറ്റുപോകുന്നത്. വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി. നേരത്തേ 25 കോടി രൂപയ്ക്ക് മേലേയായിരുന്നു.
ഉടമകളുടെ തന്ത്രം, മദ്യ ക്ഷാമം
സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനവും നാമമാത്രമാണ്. ഒരുമാസത്തില്‍ കൂടുതലായി ക്ഷാമമുണ്ടെങ്കിലും ഇപ്പോൾ കൂടുതല്‍ രൂക്ഷമായെന്ന് വാങ്ങാനെത്തിയവര്‍ പറഞ്ഞു. നിലവില്‍ വെയര്‍ഹൗസുകളില്‍ ഉള്ള സ്റ്റോക്ക് മാത്രമാണ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത്. പലബ്രാന്‍ഡുകളും കിട്ടാക്കനിയായതോടെ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കങ്ങളും പതിവാണ്. കോവിഡിനുശേഷമുണ്ടായ വിലവര്‍ധനവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭൂരിപക്ഷം മദ്യനിര്‍മ്മാണശാലകളിലും ഉത്പാദനം നിര്‍ത്തി. ആദ്യം നിര്‍ത്തിയതും ജനപ്രിയ ബ്രാന്‍ഡുകളുടെ നിര്‍മ്മാണമാണ്. മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലവര്‍ധിച്ചതിന് ആനുപാതികമായി മദ്യത്തിന്റെ വിലയിലും വര്‍ധനവ് വേണമെന്നാണ് നിര്‍മ്മാണക്കമ്പനികളുടെ ആവശ്യം. സ്പിരിറ്റിന്റെ വില മൂന്നുമാസത്തിനിടെ ലിറ്ററിന് 64 രൂപയില്‍നിന്ന് 74 ആയി ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മദ്യമെത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല.
ആവശ്യമായ മദ്യം ഉത്പാദനം ചെയ്ത് വിതരണത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മദ്യക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇത് പരാജയപ്പെടുകയായിരുന്നു. വിറ്റുവരവ് നികുതി ഓഴിവാക്കി തങ്ങളുടെ നഷ്ടം കുറയ്ക്കണമെന്നതാണ് ഡിസ്റ്റിലറി ഉടമകളുടെ ആവശ്യം. വിറ്റുവരവ് നികുതി കുറച്ചാല്‍ 500 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാവും. അതിനാല്‍ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ബിവറേജസ് ഷോപ്പുകളിലെ ഉപഭോക്താക്കളില്‍ പത്തുശതമാനംപേര്‍ മദ്യാസക്തിയുള്ളവരാണ്. ഷോപ്പുകളില്‍ മദ്യമില്ലാതെവന്നാല്‍ ഇവര്‍ മറ്റു ലഹരികള്‍ തേടാനുള്ള സാധ്യതയുണ്ട്. ഇത് വിഷമദ്യ ദുരന്തസാധ്യത വര്‍ധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നികുതിവെട്ടിച്ച് മദ്യമെത്തിക്കാനുള്ള സാധ്യതയും എക്സൈസ് തള്ളുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. വ്യാജമദ്യക്കച്ചവട സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും കൂട്ടി. ഇതിനു പിന്നാലെ നഷ്ടമാവുന്ന 500 കോടിക്ക് കുടിയൻമാരുടെ തന്നെ പോക്കറ്റ് ലക്ഷ്യമാക്കുകയാണ്.


