ലഹരിമാഫിയ സംഘത്തെ എതിർത്തതിന് തലശ്ശേരിയില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ഒരാളെ ഗുരുതരമായി വെട്ടി പരിക്ക് ഏല്പിക്കയും ചെയ്തു. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
ഇരുവരേയും സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് തലശ്ശേരി സഹകരണ ആസ്പത്രിയില്‍നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
മൂന്നു പേർ കസ്റ്റഡിയിൽ
കൊലപാതകത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു.ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു.
ഖാലിദ് സഹകരണ ആസ്പത്രിയിലും ഷമീര്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ സഹകരണ ആസ്പത്രി പരിസരത്താണ് സംഭവം. പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ലഹരി വില്പനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകന് ഷെബിലിനെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ഒരാള്‍ മര്‍ദിച്ച സംഭവമുണ്ടായിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. ഷെബിലിനെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ലഹരി മാഫിയയില്‍പ്പെട്ട ഒരാള്‍ ആസ്പത്രിയിലെത്തി. പ്രശ്നം ഒത്തു തീർപ്പാക്കാൻ എന്ന വ്യാജേന ഖാലിദ് അടക്കമുള്ളവരെ പുറത്തേക്ക് വിളിച്ചിറക്കി.
ആസ്പത്രിക്ക് പുറത്ത് മാഫിയ സംഘത്തിലുള്‍പ്പെട്ട നാല് പേര് എത്തിയിരുന്നു. കാന്റീന് പരിസരത്തുവച്ച് സംസാരിക്കുന്നതിനിടെ ആസ്പത്രിയില്‍നിന്ന് വിളിച്ച് പുറത്തിറക്കിയ ആള് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓട്ടോയില്‍ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചതിനിടെ ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റു.
പരേതരായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യതൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്സീന്. മരുമകന്: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്ലര്മാര്), ഫാബിത, ഷംസീന.
പരേതരായ ഹംസയുടെയും ആയിഷയുടേയും മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: ഷെബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹൈറുന്നിസ.
ഖാലിദിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലാണുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ആമുക്കപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.


