ദീർഘമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിധി. നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴംഗ ജ്യൂറി വിലയിരുത്തി. 2018 ൽ പ്രസിധീകരിച്ച ലേഖനത്തിൻ്റെ പേരിൽ വിർജീനിയ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
വാഷിംഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം.
ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.
സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ഗാർഹിക പീഡനത്തിന്റെ ഇരയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്.
ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ല. എങ്കിലും താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് മനസിലാക്കാവുന്നതായി ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.
ആംബർ ഹേർഡിൻ്റെ വാദങ്ങൾ കളവാണെന്ന് ഡെയ് ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡ് തിരികെയും മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.
2015 ലായിരുന്നു ജോണി ഡെപ്പും ആംബർ ഹേർഡും വിവാഹിതരായത്. തുടർന്ന് 2017 ൽ ഇരുവരും വേർപിരിഞ്ഞു.