മീൻ വാങ്ങി കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം കല്ലറ പഴയചന്തയില്‍ നിന്ന് മീൻ വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു എന്നയാളാണ് വാങ്ങിയത്. ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.
അതിനിടെ ഇന്ന് വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെട്ടു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു മാസത്തിനിടെ മീനിൽ നിന്നും വിഷബാധയേൽക്കുന്ന രണ്ടാമത്തെ സംഭവമാണ്.
ഇതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും പ്രവർത്തനം സംബന്ധിച്ച് പരക്കെ വിമർശനം ഉയരുകയാണ്. ചട്ടപ്പടി അനുമതികൾ അല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾക്ക് കീഴിലുള്ള ആരോഗ്യ സംവിധാനങ്ങളും നിർജ്ജീവമാണ് എന്ന് വിമർശനം ശക്തമാണ്.