ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് ബിജെപി സീറ്റ് നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രമന്ത്രി സഭയില്‍ നഖ്വിക്ക് തുടരാനാവില്ല എന്ന സാഹചര്യം ആയി.
രാജ്യസഭാ സീറ്റ് നേരത്തെ നഖ്വിക്ക് നിഷേധിച്ചിരുന്നു. ജൂലായ് ഏഴിനാണ് നഖ്വിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ നഖ്വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്സഭയിലും ബിജെപിക്ക് മുസ്ലീം എംപിമാര്‍ ആരുമുണ്ടാകില്ല. ഉപരാഷ്ട്രപതി സ്ഥനം ലഭിച്ചേക്കും എന്ന വാർത്തകൾ ഉണ്ടായി. എങ്കിലും സ്ഥിരീകരണമില്ല.
പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് മുസ്ലീം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാല്‍ ലോക്സഭാ ഉപതിരഞ്ഞടുപ്പില്‍ റാംപുരില്‍ നിന്ന് നഖ്വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ രാംപൂരില്‍ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി ഗന്‍ശ്യം ലോധിയെ പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞു. ഇതോടെ രാജ്യസഭാ കാലാവധി കഴിയുന്നതിന് മുമ്പ് നഖ്വിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്ത് തുടരാനുള്ള സാധ്യതയും ഇല്ലാതായി.
രാജ്യസഭയിലുണ്ടായിരുന്നത് മൂന്ന് മുസ്ലീം വിഭാഗക്കാരാണ്. ഇവരുടെ കാലാവധി ആഴ്ചകള്‍ക്കകം അവസാനിക്കും. ജൂണ്‍ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ സാധിക്കും
അതേസമയം, എന്‍ഡിഎയ്ക്ക് ഒരു മുസ്ലിം എംപിയുണ്ട്. ഖഗാരിയ മണ്ഡലത്തില്‍ നിന്ന് ജയിച്ച ലോക്സജനശക്തി പാര്‍ട്ടിയുടെ മെഹ്ബൂബ് അലി കൈസര്‍ ആണ് എന്‍ഡിഎയുടെ ഏക മുസ്ലിം എംപി.


