തമിഴ്നാട്ടിലും കേരളത്തിലും വിവാഹ സീസൺ ആയതോടെ മുല്ലപ്പൂവിന്‍റെ വില കുതിച്ച് ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ വരെ എത്തി. അടുത്ത ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ ഇനിയും വില കൂടാനാണ് സാധ്യത.
സാധാരണ ഈ സമയത്ത് കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വില്‍പ്പന നടന്നിരുന്നത്. വിവാഹങ്ങളും ഉത്സവങ്ങളും കൂടിയതോടെ പൂവിന്‍റെ വിലയും ഉയര്‍ന്നു. മുൻവർഷങ്ങളിൽ ഇല്ലാതിരുന്ന പ്രവണതയാണിത്. കൊവിഡ് കാലത്തിന് ശേഷം ഉത്സവങ്ങളും, വലിയ ആഘോഷത്തോടെയുള്ള വിവാഹങ്ങളും ഒന്നിച്ച് വന്നതോടെ മുല്ലപ്പൂവിന് ആവശ്യക്കാർ ഏറി. ഉൽപാദനത്തിൽ സാധാരണയിൽ കൂടുതൽ വർധനവ് ഉണ്ടായിട്ടില്ല.
കൊവിഡിന് മുന്‍പ് മെയ് മാസത്തില്‍ കിലോയ്ക്ക് 700 രൂപവരെ വില്‍പ്പന നടന്നിട്ടുണ്ട്. കൊയമ്പത്തൂരില്‍ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഓഫ് സീസണുകളില്‍ മുല്ലപ്പൂ കിലോയ്ക്ക് 100 രൂപ വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കൊയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്.
മെയ് മാസത്തില്‍ തുടര്‍ച്ചയായി മഴയുണ്ടായത് പൂ ഉത്പാദനത്തെ ബാധിക്കും. ഇത് വിപണിയിൽ വീണ്ടും വിലക്കയറ്റമായി പ്രതിഫലിക്കും എന്നാണ് വിലയിരുത്തൽ.