മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ.മുനീർ വരുമോ അതോ പി.എം.എ.സലാം തുടരുമോ. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച കോഴിക്കോട് ചേരാനാരിക്കെ ചർച്ചകൾ സജീവമാണ്. ഇതിനിടെ ജില്ലാ നേതൃത്വങ്ങളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു. ജില്ലാ അധ്യക്ഷന്‍മാരോടും ജനറല്‍ സെക്രട്ടറിമാരോടും വെള്ളിയാഴ്ച മലപ്പുറത്തേക്കെത്താനാണ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദ്ദേശം നൽകിയിട്ടുള്ളത്.
എ.കെ.മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് കെ.എം.ഷാജിയടക്കമുള്ള ഒരു പക്ഷം നേതാക്കളുടെ ആവശ്യം. ഇ.ടി.മുഹമ്മദ് ബഷീര്‍,പി.വി.അബ്ദുള്‍ വഹാബ്, കെ.പി.എ.മജീദ് തുടങ്ങിയ നേതാക്കളുടെ നിരയിൽ മുനീറിനാണ് പിന്തുണ. സാദിഖലി തങ്ങളെ ഇവർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം നിലവിലെ ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം തുടരടണം എന്നാവശ്യപ്പെടുന്ന പക്ഷവും സജീവമാണ്. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നേതാക്കൾ ഈ പക്ഷത്താണ്. മലപ്പുറത്തെ മറ്റു മുതിര്‍ന്ന നേതാക്കളും സലാമിനൊപ്പമാണ്.
എന്നാൽ ഇതിനെല്ലാം ഇടയിൽ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തണമെന്ന കാഴച്ചപ്പാടുള്ളവരുമുണ്ട്. ഒരു വിഭാഗം കെ എം ഷാജിയെയും ആബിദ് ഹുസൈന്‍ തങ്ങളെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തി കാണിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ കെപിഎ മജീദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് സലാമിനെ ഈ പദവിയിലേക്ക് താത്കാലികമായി തിരഞ്ഞെടുത്തത്. തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന സലാമിനെ മയപ്പെടുത്തലിന്റെ ഭാഗം കൂടിയായിരുന്നു ചുമതല നല്‍കല്‍. താത്കാലിക സ്ഥാനത്ത് വന്ന നേതാവ് തുടരേണ്ടതുണ്ടോ. അതോ എം കെ മുനീറിനെ പോലുള്ള പാർട്ടിയിൽ പരമ്പരാഗത സ്വാധീനമുള്ള നേതാവ് വരണമോ. നേതൃത്വത്തിൽ നേരത്തെ തുടരുന്ന ശാക്തിക ഗ്രപ്പുകൾ സജീവമാണ്.
ജില്ലാ ഭാരാവാഹികളെ വെള്ളിയാഴ്ച മലപ്പുറത്തേക്ക് വിളിപ്പിച്ചത് സ്വാഭാവിക നടപടി ക്രമത്തിൻ്റെ ഭാഗമായി മാത്രമാണ് എന്നാണ് ലീഗ് നേതൃത്വം വിശദമാക്കുന്നത്.
ആരൊക്കെ വാഴും ആരൊക്കെ വീഴും
കഴിഞ്ഞ നാലിന് കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. നേതാക്കളുടെ പട തന്നെയുള്ള മലപ്പുറത്ത് ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തീകരിച്ചപ്പോള്‍ നാമമാത്ര മെമ്പര്‍ഷിപ്പുള്ള ജില്ലകളിലാണ് ജില്ലാ ഭാരവാഹിത്ത്വത്തിന് വേണ്ടി ചേരിതിരിഞ്ഞ് ഏറ്റമുട്ടലും തര്‍ക്കങ്ങളും നടന്നത്. എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലാ കമ്മിറ്റികളിലാണ് തര്‍ക്കം രൂക്ഷമായിരുന്നത്. എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടന ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ തന്നെ കലാശിച്ചിരുന്നു.
നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ എട്ട് വൈസ് പ്രസിഡന്റുമാരും 11 സെക്രട്ടറിമാരുമുണ്ട്. സി ടി അഹമ്മദിലിയാണ് നിലവിലെ സംസ്ഥാന കമ്മിറ്റി ട്രഷറര്‍. പി കെ കെ ബാവ, എം സി മായീന്‍ ഹാജി, പി എച്ച് അബ്ദുസ്സലാം ഹാജി, കെ കുട്ടി അഹമ്മദ്കുട്ടി, ടി പി എം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുറഹിമാന്‍ എന്നിവരാണ് നിലവിലെ വൈസ് പ്രസിഡന്റുമാര്‍.
അബ്ദുറഹിമാന്‍ കല്ലായി, ടി എം സാലിം, കെ കെ അബിദ് ഹുസൈന്‍ തങ്ങള്‍, കെ എം ഷാജി, അഡ്വ. എന്‍ ഷംസുദ്ധീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി എച്ച് റഷീദ്, ബീമാപള്ളി റഷീദ്, സി പി ചെറിയ മുഹമ്മദ്, പി എം സാദിഖലി, ഷാഫി ചാലിയം എന്നിവരാണ് നിലവിലെ സെക്രട്ടറിമാര്‍. ഇവരില്‍ ഭൂരിഭാഗവും പുതിയ കമ്മിറ്റിയില്‍ ഇടം പിടിക്കില്ലെന്നാണ് സൂചന.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ കോഴിക്കോടാണ് കൗണ്‍സില്‍. രാവിലെ 11ന് നിലവിലെ സംസ്ഥാന കമ്മിറ്റി ചേരും. ഉന്നതാധികാരസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മണിക്ക് പുതിയ സംസ്ഥാന കൗണ്‍സില്‍ ചേരും.
തുടര്‍ന്ന് 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 75 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റിയിലെ 10 പേരും മുതിര്‍ന്ന നേതാക്കളില്‍ നിന്ന് 11 പേരെയും ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുക. 485 പ്രതിനിധികളാണ് സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുക്കുക. മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും അറിയിപ്പ് നല്‍കി കഴിഞ്ഞതായി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു.