റിട്ട. വ്യോമസേന പൈലറ്റിനെയും ഭാര്യയെയും താമസ സ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജന്‍ (70) ഭാര്യ ആശ (63) എന്നിവരാണ് ബാംഗളൂരുവിൽ ബിദദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ട് വില്ലയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടുജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിനെ കാണാനില്ല. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
രഘുരാജന്‍-ആശ ദമ്പതിമാരുടെ രണ്ട് ആണ്‍മക്കളും ഡല്‍ഹിയിലാണ്. കഴിഞ്ഞദിവസം ഇവര്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വില്ലകളിലെ സുരക്ഷാജീവനക്കാരെ വിളിക്കുകയും മാതാപിതാക്കളുടെ വില്ലയില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷാജീവനക്കാര്‍ രഘുരാജന്റെ വില്ലയിലെത്തിയെങ്കിലും ജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിനെയാണ് കണ്ടത്. രഘുരാജനും ആശയും അതിരാവിലെ ബെംഗളൂരു നഗരത്തില്‍ പോയതാണെന്നായിരുന്നു ഇയാള്‍ സുരക്ഷാജീവനക്കാരോട് പറഞ്ഞത്.
എന്നാൽ ഇത് വിശ്വസനീയമല്ലെന്നും വില്ലയ്ക്കുള്ളില്‍ കയറി പരിശോധിക്കണമെന്നും മക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സുരക്ഷാജീവനക്കാര്‍ വീണ്ടും വില്ലയിലെത്തി പരിശോധന നടത്തിയപ്പോളാണ് രണ്ടുപേരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടതെന്നാണ് സുരക്ഷാജീവനക്കാരുടെ മൊഴി. ഈ സമയം ജോഗീന്ദര്‍ സിങ് വില്ലയില്‍നിന്ന് രക്ഷപ്പെട്ടു.
ഉറങ്ങുന്നതിനിടെ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. ദമ്പതിമാരുടെ വില്ലയില്‍ ജോലിക്കാരനായ ജോഗീന്ദര്‍ സിങ്ങിന് പുറമേ മറ്റൊരാളെയും കണ്ടിരുന്നതായി സുരക്ഷാജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
നായകളെ പരിചരിക്കാനായാണ് ജോഗീന്ദര്‍ സിങ്ങിനെ ദമ്പതിമാര്‍ വില്ലയില്‍ നിര്‍ത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.