അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കായി നിർദേശിച്ചിരിക്കുന്ന ‘നാഷനൽ എക്സിറ്റ് എക്സാം’ (നെക്സ്റ്റ് -NeXT) അടുത്ത വർഷം ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷനാകും പരീക്ഷ നടത്തുകയെന്നാണു വിവരം. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഉൾപ്പെടെയുള്ളവയെയും പരിഗണിക്കുന്നുണ്ട്.
എംബിബിഎസ് അവസാന വർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയാണു നെക്സ്റ്റ്. ഇതിനു പുറമേ, പിജി മെഡിക്കൽ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയാറാക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാകും. വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് കഴിഞ്ഞെത്തുന്നവർക്ക് ഇന്ത്യയിൽ പഠനം നടത്താനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്കും ബദലായി ഇതു മാറും. ഫലത്തിൽ നീറ്റ് പിജി ഉൾപ്പെടെയുള്ള പരീക്ഷകൾ ഇല്ലാതാകും. ഇതു വിജയിക്കുന്നവർക്കു മാത്രമാകും അലോപ്പതി പ്രാക്ടീസിന് അനുമതി. 2023 ൽ എംബിബിഎസ് പൂർത്തിയാക്കുന്നവർക്കു മുതൽ ഈ പരീക്ഷ നടത്താനാണ് പദ്ധതി. മുന്നോടിയായി മോക് പരീക്ഷ ഏർപ്പെടുത്തും.
എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. റാങ്ക് മെച്ചപ്പെടുത്താൻ പരീക്ഷ ഒന്നിലധികം തവണ എഴുതാനും വ്യവസ്ഥയുണ്ട്. 2019 ൽ പാർലമെന്റിൽ പാസാക്കിയ ദേശീയ മെഡിക്കൽ കമ്മിഷൻ ചട്ടത്തിലാണു നെക്സ്റ്റ് പരീക്ഷയെന്ന നിർദേശം ഉൾപ്പെടുന്നത്.