മേരി റോയി അന്തരിച്ചു, പോരാട്ടം ഇനി ചരിത്രം

 സാമൂഹിക പ്രവര്‍ത്തക മേരി റോയി (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയ വ്യക്തിത്വമാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ അമ്മയാണ്.

പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കി. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

പരേതനായ രാജീബ് റോയിയാണ് മേരിയുടെ ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്.

സ്ത്രീകളുടെ അവകാശം നാലിൽ ഒന്ന് അല്ലെങ്കിൽ 5000 രൂപ

തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം ചോദ്യംചെയ്ത് മേരി റോയ് സുപ്രീംകോടതി കയറിയത് ചരിത്രത്തിന്റെ ഭാഗമാണ്. ആയിരക്കണക്കിനു ക്രിസ്ത്യൻ സ്ത്രീകൾ പ്രതീക്ഷയോടെ കാത്തിരുന്ന വിധി കേരളചരിത്രത്തിൽ പ്രകമ്പനം സൃഷ്ടിച്ചു. അതുവരെ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ സ്ത്രീയുടെ അവകാശം പരമദയനീയമായിരുന്നു. പിതൃസ്വത്തിൽ സഹോദരന് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ അയ്യായിരം രൂപയോ, ഏതാണോ കുറവ് അതുമാത്രമായിരുന്നു സ്ത്രീയുടെ അവകാശം.

പോരാടി നേടിയത് നിയമം സ്വത്തുക്കൾ തിരികെ നൽകി

കൊൽക്കത്തയിൽ ജോലിചെയ്യുമ്പോഴാണ് മേരി ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. ഉയർന്ന ഉദ്യോഗസ്ഥനായ രാജീബ്, തന്നെ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ മേരി സന്തോഷത്തോടെ സമ്മതം നൽകി. വീട്ടുകാർക്കും എതിർപ്പുണ്ടായില്ല. വിവാഹത്തെ തുടർന്ന് അസമിലെ തേയിലത്തോട്ടത്തിൽ മാനേജരായി അദ്ദേഹം ജോലിക്കു ചേർന്നു. രാജകീയ ജീവിതമായിരുന്നു അവിടെ. പക്ഷേ, വിവാഹശേഷമാണ് മേരി മനസ്സാലാക്കുന്നത് രാജീബ് കടുത്ത മദ്യപാനിയാണെന്ന്. നല്ല മനുഷ്യനായിരുന്നു അദ്ദേഹമെങ്കിലും മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും രണ്ടു കുഞ്ഞുങ്ങളും ജനിച്ചു; ലളിതും അരുന്ധതിയും. ജീവിതം ദുസ്സഹമായതോടെ മേരി മക്കളെ കൂട്ടി നാട്ടിലേക്കു മടങ്ങി.

ഊട്ടിയിൽ പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിലേക്കാണ് മേരി റോയ്് കുഞ്ഞുങ്ങളുമായി പോയത്. അന്നവർക്ക് പ്രായം മുപ്പതു വയസ്സ് !. തരക്കേടില്ലാത്തൊരു ജോലിയും കിട്ടിയതോടെ ജീവിതം പച്ചപിടിച്ചതുടങ്ങി. അപ്പോഴാണ് അപ്പന്റെ വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ എത്തുന്നത്. മേരി റോയ് വീട് കൈവശമാക്കിയാലോ എന്നായിരുന്നു ഭയം. സഹോദരൻ ജോർജ് ഗുണ്ടകളുമായെത്തി കതകു ചവിട്ടിപ്പൊളിച്ച് മേരിയെയും പിഞ്ചു കുഞ്ഞുങ്ങളെയും പുറത്താക്കി. അതു മേരി റോയിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുമായി പകച്ചുനിന്ന ആ നിമിഷമാണ് ക്രിസ്ത്യൻ സ്ത്രീകളുടെ ഗതികേടിന്റെ ആഴം മേരി റോയ് മനസ്സിലാക്കുന്നത്.

ഇതേത്തുടർന്നാണ് 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. പിൽകാലത്ത് 1966-ൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്കുനൽകി.

അത് ഇഷ്ടദാനം മാത്രമായിരുന്നു. പിതൃ സ്വത്തിന്റെ പങ്കല്ല. അതു വിറ്റുകിട്ടിയ പണത്തിൽ ഒരുഭാഗം കൊണ്ടാണ് കോട്ടയത്ത് പള്ളിക്കൂടം സ്കൂളിനായി സ്ഥലംവാങ്ങിയത്

സമാനമായ രീതിയിൽ മേരി റോയിയും നേരത്തെ കുടുംബത്തെ ഞെട്ടിച്ചു. നിയമം മൂലം നേടിയ വസ്തുവകകൾ സഹോദരങ്ങൾക്ക് തന്നെ തിരികെ നൽകി. തലമുറകൾക്ക് താങ്ങായ നിയമത്തെ മാത്രം സ്വന്തമാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...