യുക്രൈനിൻ്റെ നാല് പ്രദേശങ്ങള്‍ റഷ്യ സ്വന്തമാക്കി. നാല് വിമത പ്രദേശങ്ങളെയും റഷ്യയോട് കൂട്ടിചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡൻ്റ് വ്ളാദിമിര്‍ പുതിനും വിമത മേഖലകളിലെ ഭരണാധികാരികളും ഒപ്പുവെച്ചു.
ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്, സപ്പോരിസിയ മേഖല, കെർസൺ മേഖല എന്നിവയാണ് റഷ്യ കൂട്ടിച്ചേര്‍ത്തത്. ഇവിടങ്ങളില്‍ ഹിതപരിശോധന നടത്തിയ ശേഷമാണ് കൂട്ടിച്ചേർക്കൽ നടത്തിയത്. ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായി.
ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേര്‍ക്കലെന്നാണ് റഷ്യയുടെ വിശദീകരണം. ഉക്രെയ്നിലെ നാല് അധിനിവേശ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേര്‍ക്കുന്നത് ആര്‍ക്കും തടയാന്‍ പറ്റില്ലെന്ന് പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനു ശേഷം നടത്തിയ പ്രസംഗത്തിൽ പാശ്ചാത്യ രാജ്യങ്ങളെ നിശിതമായി വിമർശിച്ചു.
റഷ്യയിൽ നാല് പുതിയ പ്രദേശങ്ങൾ, റഷ്യൻ ഫെഡറേഷനിലേക്ക് നാല് പുതിയ പ്രദേശങ്ങളെ സ്വീകരിക്കുന്നതിനും അതിനായുള്ള ഭരണഘടനാ നിയമങ്ങള്‍ രൂപീകരിക്കാന്‍ ഫെഡറൽ അസംബ്ലി പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട് പറഞ്ഞ പുടിന്, ഈ കൂട്ടിച്ചേര്‍ക്കല്‍ ദശലക്ഷക്കണക്കിന് ആളുകളുടെ താല്‍പ്പര്യമാണെന്നും പ്രസ്താവിച്ചു.
പുതുതായി റഷ്യയില്‍ ചേര്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ എന്നെന്നേക്കുമായി റഷ്യന്‍ പൗരന്മാരാകുമെന്നും പുടിന് മോസ്കോയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. യുദ്ധം നിർത്തി ചർച്ചകൾ ആരംഭിക്കാൻ അദ്ദേഹം ഉക്രെയിന് തയ്യാറാകണമെന്നും പുടിന് പറഞ്ഞു. എന്നാൽ റഷ്യ പിടിച്ചെടുക്കുന്ന ഉക്രെയിന് പ്രവിശ്യകള്‍ സംബന്ധിച്ച ചർച്ച ചെയ്യാനില്ലെന്നും പുടിന് വ്യക്തമാക്കി.
2014-ല്‍ യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത ക്രൈമിയന്‍ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ യുക്രൈന്റെ 20 ശതമാനത്തോളമുണ്ട്.
ഇന്ത്യയെ കൊള്ളയടിച്ച പോലെ പശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയെ കിട്ടില്ല- പുടിൻ
റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വെള്ളിയാഴ്ച പറഞ്ഞു. ‘ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ല,” അദ്ദേഹം പറഞ്ഞു, “ഇപ്പോള്‍ അവരുടെ ലക്ഷ്യം റഷ്യയും ഇറാനും ആണ്, അടുത്തത് നിങ്ങളായിരിക്കും.” പുടിന് കൂട്ടിച്ചേര്‍ത്തു. യുക്രൈന് പ്രദേശങ്ങള്‍ റഷ്യയില്‍ ചേര്‍ക്കുന്ന രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വെള്ളിയാഴ്ച ക്രെംലിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിന്.
“അവർ ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളാക്കി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതല്‍ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ ഞങ്ങൾ അവരെ അനുവദിച്ചില്ല എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്”. കറുപ്പ് യുദ്ധത്തെക്കുറിച്ചും 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പരാമര്‍ശിച്ച് പുടിന് പറഞ്ഞു.
റഷ്യയെ ഒരു കോളനിയാക്കി മാറ്റാൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നു എന്ന വാദത്തിലാണ് പുടിൻ 37 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ ഭൂരിഭാഗവും.


