വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. ഉത്തർ പ്രദേശിലെ മാതൃകയിൽ മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്ന് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയത്.
ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ – യോഗി വോട്ടര്‍മാരോടായി പറഞ്ഞു.
ഇതിനെതിരെ ആദ്യം രംഗത്ത് എത്തിയത് ശശി തരൂർ എം പിയാണ്.
കേരളവും ബംഗാളും കശ്മീരും ആകാന്‍ യുപിക്ക് ഭാഗ്യ ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് വോട്ടര്‍മാരോട് പറയുന്നു.
യുപിക്ക് ഭാഗ്യമുണ്ടാകണം… കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
യുപിയുടെ വിസ്മയം അവിടുത്തെ സര്‍ക്കാരിനെ കുറിച്ചുള്ള സഹതാപമാണ്’ എന്നും തരൂര്‍ കടുത്ത ഭാഷയിൽ ട്വീറ്റ് ചെയ്തു.
യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തെ അപമാനിക്കുന്ന പരാമർശവുമായി ആദിത്യനാഥ് വോട്ടഭ്യര്‍ഥിച്ചത്.