Friday, February 20, 2026

രണ്ടു ഭാര്യമാരും യുവതിയായ മകളും, തൊഴിൽ പാത്ര കച്ചവടം; തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം പതിവാക്കിയ കുടുംബം പിടിയിൽ

കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മാളുകള്‍, വൻകിട ഷോപ്പുകള്‍, ആരാധനാലയങ്ങള്‍, ബസ്സുകൾ എന്നിങ്ങനെ കേന്ദ്രങ്ങളിൽ ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45),മകള്‍ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്.

കൃത്രിമമായി തിരക്കുണ്ടാക്കിയും ആളുകളുടെ ശ്രദ്ധ തെറ്റിച്ചും മോഷണം നടത്തുന്ന സംഘമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്.

തുണിക്കച്ചവടം, പാത്രകച്ചവടം എന്നിങ്ങനെ ഉപജീവനം നടത്തുന്ന മാന്യമായ സംഘം എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഓരോ കേന്ദ്രങ്ങളിലും താമസിച്ച് മോഷണം നടത്തുന്നത്. മേക്കപ് ചെയ്യുന്നതിലും പെട്ടെന്ന് വേഷം മാറുന്നതിലും പാശ്ചാത്യ രീതിയിൽ വസ്ത്ര ധാരണം ചെയ്യുന്നതിലും എല്ലാം പരിശീലിച്ചാണ് സംഘത്തിൻ്റെ പ്രവർത്തനം എന്ന് പൊലീസ് കണ്ടെത്തി. പാത്രങ്ങളും തുണികളുമായി കച്ചവടത്തിന് പോകുന്നതാണ് ജനങ്ങൾ കാണുക പതിവ്.

കൂട്ടായ അന്വേഷണം, തിരച്ചിൽ, ഒടുവിൽ അറസ്റ്റ്

ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. പരാതികൾ പരിശോധിച്ച് സിസിടിവി ദൃശ്യത്തില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച ചെയ്യുന്നതെന്ന് കണ്ടെത്തിയാണ് അന്വേഷണം തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ കളവ് നടക്കുന്നതായി കണ്ടെത്തി ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു.

ഫെബ്രുവരി 28-ാം തീയതി നരിക്കുനിയില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസ്സില്‍ വെച്ച് പൊട്ടിച്ച രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. പക്ഷെ കൂടുതൽ തെളിവുകൾ ലഭിച്ചില്ല.

മലപ്പുറം മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രീകരിച്ച് ആന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് ഇവർ വീണ്ടും പിടിയിലാവുന്നത്. മക്കരപ്പറമ്പ് ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്രകച്ചവടവുമാണ് ജോലിയെന്നും കണ്ടെത്തി. ആളുകള്‍ക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തില്‍ വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാന്‍ കയ്യിലുള്ള ബാഗില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കരുതുകയും വഴിയില്‍ വെച്ച് തന്നെ വേഷം മാറുകയും മോഡേണ്‍ ഡ്രസുകള്‍ ധരിച്ചും മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യില്‍ കരുതിയുമാണ് സഞ്ചാരം. മക്കരപ്പറമ്പ് സ്‌കൂളിന് സമീപമുള്ള ലൈന്‍ മുറി ക്വാര്‍ട്ടേഴ്‌സിലാണ് ഒരു വര്‍ഷത്തോളമായി താമസിക്കുന്നത്.

പ്രതികളില്‍ നിന്നും സ്വര്‍ണ്ണം തൂക്കുന്നതിനുള്ള മെഷീന്‍, മൊബൈല്‍ഫോണ്‍, സ്വര്‍ണ്ണം, പണം, പഴ്‌സുകള്‍,കട്ടിങ്ടൂള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. പിടിക്കപ്പെടുമ്പോള്‍ മൊബൈല്‍ ഫോണും സിംകാര്‍ഡും നശിപ്പിക്കുകയും പോലീസിന് വിവരങ്ങള്‍ ലഭിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കയും ചെയ്തിരുന്നു. പിടികൂടിയപ്പോൾ സിം കടിച്ചു പൊട്ടിച്ചും മൊബൈല്‍ഫോണ്‍ എറിഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് കൈക്കലാക്കി.

ചോദ്യം ചെയ്തതില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നിരവധി മോഷണങ്ങൾ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...