15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച് ഹാര്‍ദിക് പാണ്ഡ്യ വിജയ നായകനായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍സ് നേടുകയും ചെയ്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക പ്രകടനം ഗുജറാത്തിന് തുണയായി. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷിയായത്. ബാറ്റര്‍മാര്‍ താളം കണ്ടെത്താതെപോയതാണ് ടീമിന് തിരിച്ചടിയായത്. ഈ സീസണില്‍ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കല്‍പ്പോലും വിജയം നേടാന്‍ രാജസ്ഥാന് കഴിഞ്ഞില്ല.