വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന സ്റ്റേഷന്‍ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്നു. രണ്ടാമത് പരിഗണന കേരളത്തിനാവും. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.) സ്റ്റേഷന്‍ തുടങ്ങിയത്.
വൈകാതെ കേരളത്തിൽ കൊച്ചിയിലും ഗുജറാത്തിലെ ജാംനഗറിലും സ്റ്റേഷൻ വരും. ഇന്ധന വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. തുടക്കം ചെലവേറിയതാണ്.
വളരുന്ന സാങ്കേതികത

24 മണിക്കൂറില്‍ 75 ബസുകള്‍ക്ക് ഹൈഡ്രജന്‍ നിറയ്ക്കാവുന്ന സംവിധാനമാണ് വഡോദരയില്‍ തുടങ്ങുന്നത്. ടാറ്റയുടെ രണ്ടു ബസുകള്‍ വൈകാതെ ഓടിത്തുടങ്ങും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജന്‍ ഐ.ഒ.സി.യുടെ ഗുജറാത്ത് റിഫൈനറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതാണ് ഗുജറാത്തിന് പ്രഥമ പരിഗണന നൽകിയത്.
തീയോ ചോര്‍ച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷാസംവിധാനങ്ങള്‍ സ്വയംപ്രവര്‍ത്തിക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പെസോ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ്‌സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.
വാഹനങ്ങളിൽ പ്രത്യേകടാങ്കുകള്‍ വേണ്ടിവരും. തുടക്കമായതിനാല്‍ ഇതിനു വന്‍ ചെലവുണ്ട്. ഉത്പാദനവും ആവശ്യവും കൂടുന്നതോടെ ചെലവു കുറയുമെന്നാണു പ്രതീക്ഷ.
തുടക്കത്തിലെ ചെലവാണ് വ്യാപകമായി ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ വരാനുള്ള തടസ്സം.