പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അടുത്ത ദിവസം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ നടപടികള്‍ മരവിപ്പിക്കുന്നതിനെ കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കണം. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതോടെ വ്യാപകമായ തോതിൽ രാജ്യദ്രോഹ കുറ്റ നിയമം പ്രയോഗിക്കുന്നത് പ്രവണതയായി. ജനാധിപത്യ പ്രവർത്തകരെ വരെ അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി ഈ നിയമത്തിൻ്റെ മറവിൽ ലക്ഷ്യം വെക്കുന്നതായി പരക്കെ ചർച്ചകൾ ഉയർന്നു. ഈ സാഹരച്യത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്തെ ജനാധിപത്യ വിരുദ്ധമായ ഈ നിയമത്തിനെതിരെ ഹരജികൾ ഉണ്ടായത്.
ഇതോടെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എത്രകാലത്തിനുള്ളില്‍ പുനഃപരിശോധന പൂര്‍ത്തിയാക്കും എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് സോളിസിറ്റര്‍ ജനറലിന് കഴിഞ്ഞില്ല. മാത്രമല്ല കോടതി തത്ക്കാലം ഇതിൽ ഇടപെടരുത് എന്ന ആഭ്യർത്ഥനയാണ് നടത്തിയത്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ വകുപ്പ് മരവിപ്പിച്ചുകൂടെയെന്ന് കോടതി ആരാഞ്ഞത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയില്ലേയെന്ന് കോടതി ആരാഞ്ഞു. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഹനുമാന് ചാലീസ ചൊല്ലുന്നവര്‍ക്ക് എതിരേപോലും ഈ വകുപ്പ് ഉപയോഗിക്കുന്നു എന്ന ആശങ്ക അറ്റോര്‍ണി ജനറല്‍ തന്നെ പങ്കുവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളാണ് 124 എ വകുപ്പ് ചുമത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് കോടതി മരവിപ്പിക്കരുതെന്ന് സോളിസിസ്റ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.


