രാജ്യദ്രോഹ കുറ്റ നിയമത്തിൻ്റെ സാധുത ശരിവച്ച 1962 ലെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വിധി പുനഃപരിധോധിക്കേണ്ടതില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്നതാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചംഗ ഭരണഘടന ബെഞ്ച് കേദാർ നാഥ് സിംഗ് കേസിൽ 1962 ൽ പുറപ്പടുവിച്ച വിധിയിൽ രാജ്യദ്രോഹ കുറ്റം ഭരണഘടനപരമായി സാധുവാണെന്ന് വിധിച്ചിരുന്നു. ഈ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ തന്നെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വാദിച്ചു.
വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെങ്കിൽ അതിനുള്ള കാരണം മൂന്നംഗ ബെഞ്ച് വ്യക്തമാക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒറ്റപ്പെട്ട അവസരങ്ങളിൽ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A വകുപ്പ് പുനഃപരിശോധിക്കേണ്ടതില്ല. ദുരുപയോഗം തടയുന്നതിനുള്ള പരിഹാര മാർഗ്ഗം കണ്ടെത്തുക എന്നതാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അവകാശപ്പെട്ടു.
ഈ വാദങ്ങൾ ഒന്നും സ്വീകാര്യമല്ലെങ്കിൽ കേന്ദ്ര നാഥ് കേസിലെ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന് വിടാവുന്നതാണെന്നാണ് കേന്ദ്ര നിലപാട് അറിയിച്ചിട്ടുള്ളത്. ഇവ വ്യക്തമാക്കുന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.