രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് ഒരേ വ്യക്തി

രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് ഒരേ വ്യക്തി തന്നെ. പരാതിക്കാരനായ ബി.ജെ.പി. നേതാവ് പൂർണേഷ് മോദിതന്നെയാണ് രണ്ട് ഹരജിയും നൽകിയത്.

വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റിയതിനുപിന്നാലെ സ്റ്റേ ഒഴിവാക്കാൻ ഹരജിയുമായി എത്തുകയായിരുന്നു. ജഡ്ജിയെ മാറ്റിയതിന് തൊട്ടു പിന്നാലെ പരാതിക്കാരൻ നീങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് പ്രതിഷേധിച്ചു.

സൂറത്ത് കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എ.എൻ. ദവേയാണ് 2021 ഒക്ടോബർ 29-ന് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. 25 ചോദ്യങ്ങൾക്കാണ് അന്ന് രാഹുൽ മറുപടിനൽകിയത്. ഇരുപതിനും ‘അറിയില്ല’ എന്നായിരുന്നു ഉത്തരം. സി.ഡി, ഡി.വി.ഡി, പെൻഡ്രൈവ് എന്നിവയടക്കം 29 തെളിവുകളാണ് വാദിഭാഗത്തിനായി ഹാജരാക്കിയത്.

പെൻഡ്രൈവും ഡി.വി.ഡി.യും രാഹുലിന്റെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന പൂർണേഷ് മോദിയുടെ ആവശ്യം കോടതി തള്ളി. ഇതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരൻ 2022 മാർച്ചിൽ വിചാരണയ്ക്ക് സ്റ്റേ വാങ്ങുകയായിരുന്നു. ഒരുവർഷത്തോളം സ്റ്റേ നിലനിന്നു. ദവെയ്ക്കുപകരം എച്ച്.എച്ച്. വർമ സൂറത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി എത്തിയതിനുപിന്നാലെ സ്റ്റേ നീക്കാനായി പൂർണേഷ് ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്കെതിരേ മതിയായ തെളിവുകളുള്ളതിനാൽ പരാതി പിൻവലിക്കാൻ അനുവദിക്കണമെന്ന അപേക്ഷ 2023 ഫെബ്രുവരിയിൽ ഹൈക്കോടതി അംഗീകരിച്ചു. ഒരുമാസത്തിനുള്ളിൽ ബാക്കിവാദം പൂർത്തിയാക്കി കോടതി വിധിയുംപറഞ്ഞു. പരാതിക്കാരന്റെ ദുരൂഹമായ നീക്കം അപ്പീലിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഘ്‌വി വ്യക്തമാക്കിയിട്ടുണ്ട്. അദാനിവിഷയത്തിൽ പാർലമെന്റിൽ രാഹുൽ, പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് സ്റ്റേ നീക്കാൻ പൂർണേഷ് അപേക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി. വിധി പറഞ്ഞതിനുശേഷം ചുരുങ്ങിയസമയം വാദം കേട്ടാണ് കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചതെന്ന പരാതിയും പ്രതിഭാഗത്തിനുണ്ട്.

സൂറത്ത് വെസ്റ്റിൽനിന്ന് മൂന്നാംവട്ടം എം.എൽ.എ.യായ പൂർണേഷ് മോദി, 2021-ൽ ഭൂപേന്ദ്ര പട്ടേലിന്റെ ആദ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. എന്നാലിക്കുറി അഭിഭാഷകനായ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല.

ക്രിമിനൽ നടപടിച്ചട്ടം 202 പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം വിധിയിൽ കോടതി തള്ളിയിരുന്നു. കർണാടകത്തിലെ കോലാറിലാണ് രാഹുൽ പ്രസംഗിച്ചതെന്നിരിക്കെ അധികാരപരിധിയുടെ പ്രശ്നമാണ് ഇതുപ്രകാരം ഉന്നയിച്ചത്. സമൻസ് വിചാരണയിൽ പ്രാഥമികാന്വേഷണം കോടതി നടത്തിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. ബോധപൂർവം സമുദായത്തെ രാഹുൽഗാന്ധി അവഹേളിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നിരാകരിക്കുകയാണുണ്ടായത്. ‘‘നരേന്ദ്രമോദി, നീരവ് മോദി, അനിൽ അംബാനി എന്നൊക്കെ പറഞ്ഞ് നിർത്താമായിരുന്നു. പക്ഷേ, മോദി എന്നുപേരുള്ളവരെ ബോധപൂർവം അവഹേളിക്കുന്ന പരാമർശമുണ്ടായി…’’ -വിധിയിൽ പറയുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...