ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ കേടുപാടു വരുത്തി.
ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ബഹളം വെച്ചു. ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഇതിനിടെ ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു
മാർച്ചിലേക്ക് നയിച്ചത്
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന ആരോപണമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അതില്‍ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്.
പ്രതിഷേധങ്ങൾ, പ്രതികരണങ്ങൾ
ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരുടേത് ഗുണ്ടായിസമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.
ന്യായീകരണമില്ലാത്ത ആക്രമണമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ കാത്തുനില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആര്‍എസ്എസിന്റെ ഏറാന്‍മൂളികളെപ്പോലെ വന്ന് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പടുത്തുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രിക്ക്
ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം എന്നും, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഈ വിധി പ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ESZ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളൾക്ക് വകവെക്കുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.
പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, ഒരു കിലോമീറ്റർ കുറഞ്ഞത് ESZ നിലനിർത്തുന്നത് നമ്മുടെ ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാർഗങ്ങളെ തടസ്സപ്പെടുത്തും, അവരിൽ പലരും ഈ സംരക്ഷിത പ്രദേശങ്ങളിൽ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണ്- എന്നും രാഹുൽ ഗാന്ധി എം.പി. കത്തിൽ പറയുന്നു.


