റബറിന് 300 രൂപയാക്കി തരൂ, ഒരു എം പി പേലുമില്ലെന്ന വിഷമം മാറ്റിത്തരാം, ബി ജെ പി യോട് തലശ്ശേരി ബിഷപ്

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ ബെൽറ്റുകളിൽ ബി ജെ പി ശ്രദ്ധയൂന്നവേ കർഷകരെ മുൻനിർത്തി തലശ്ശേരി ബിഷപ്പിൻ്റെ വാഗ്ദാനം. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് വാഗ്ദാനവുമായി പരസ്യ പ്രഖ്യാപനത്തിന് എത്തിയത്.

“ബി.ജെ.പിയെ സഹായിക്കാമെന്നല്ല ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ വേണ്ടി നയം രൂപീകരിക്കാന്‍ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്കാണ് അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്നും പറഞ്ഞത്. കാരണം അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ്. അവരുടെ ആകെ വരുമാന മാര്‍ഗം റബ്ബര്‍ കൃഷിയാണ്. റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്. കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് ഇടതോ കോണ്‍ഗ്രസോ ബി.ജെ.പിയോ ആകട്ടെ.” അദ്ദേഹം വ്യക്തമാക്കി.

“റബ്ബര്‍ കര്‍ഷകര്‍ ഒരു ചെറിയ വിഭാഗമല്ല. കേരളത്തില്‍ ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് സമാനകളില്ലാത്ത പ്രതിസന്ധിയാണ്. ഒരു കിലോ റബ്ബറുത്പാദിപ്പിക്കാന്‍ 220 രൂപയ്ക്കടുത്ത് ചെലവുണ്ട്. എന്നാല്‍ കര്‍ഷകനു കിട്ടുന്നത് 120 രൂപയാണ്. അത് പരിഹരിക്കാന്‍ ആരാണോ സഹായിക്കുന്നത് അവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കും. ബി.ജെ.പിയാണ് സഹായിക്കുന്നതെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഇടതു മുന്നണിയാണെങ്കില്‍ അവര്‍ക്കൊപ്പം. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട മതപരമായി ചിത്രീകരിക്കുകയും വേണ്ട.” സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനം വസ്തുതാപരമാണെന്നും ബി.ജെ.പി നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. റബ്ബറിനു 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നും ബി.ജെ.പിയ്ക്ക് കേരളത്തില്‍ ഒരു എം.പി പോലുമില്ല എന്ന വിഷമം മാറ്റി തരാമെന്നുമായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...