ലോകകപ്പ് ഫുട്ബോളിലെ ആദ്യസെമിയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. ഇരുവര്‍ക്കും അവസാന ലോകകപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെൻ്റെ സെമി ആയതിനാൽ തീപ്പാറുന്ന പോരാട്ടമാവും.
രണ്ട് പേർ യൂറോപ്പിൽ നിന്ന്. ഒരാൾ ലാറ്റിനമേരിക്കയിൽ നിന്ന്. പിന്നെ ഇതാദ്യമായി ആഫ്രിക്കയിൽ ഒന്നും ഒരു കൂട്ടർ. ഇതാണ് സെമിയിലെ പങ്കാളിത്തം
ഇന്ന് ആരാവും
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും നിരാശരായി കണ്ണീർ വാർത്ത് യുദ്ധക്കളം വിട്ട അതേ ഭൂമികയിലേക്കാണ് ഈ രണ്ട് പോരാളികളും കരുത്തുറ്റ ടീമുമായി എത്തുന്നത്.
കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ മോഡ്രിച്ചൻ്റെ ക്രൊയേഷ്യ ഫ്രാന്‍സിനോട് തോറ്റതാണ്. തൊട്ട് മുമ്പത്തെ ഫൈനലില്‍ ജര്‍മനിയോട് മെസ്സിയുടെ അർജൻ്റീനയും തോറ്റു.
ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന സെമിയിലെത്തിയതെങ്കില്‍ കിരീടപ്രതീക്ഷയുണ്ടായിരുന്ന ലോക ഒന്നാം നമ്പര്‍ ടീം ബ്രസീലിനെ വീഴ്ത്തിയാണ് ക്രൊയേഷ്യയുടെ വരവ്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് കിക്കോഫ്.
ഇത് യുദ്ധമുഖം
തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ കോച്ച് ലയണല്‍ സ്കലോനിയും പ്രതിരോധതാരം നിക്കോളാസ് ടഗ്ലിയാഫിക്കോയും വിജയപ്രതീക്ഷ പങ്കുവെച്ചു. നാല് ഗോളുമായി ടോപ് സ്കോറര്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന മെസ്സിക്കൊപ്പം പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയയും യുവതാരം അല്‍വരാസും തിളങ്ങും. അര്‍ജന്റീനയെ തടയാന്‍ ക്രൊയേഷ്യക്ക് കഴിയില്ല എന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ കളിയില്‍ കാര്‍ഡുകണ്ട ഗോണ്‍സാലോ മോണ്ടിയേലിനും മാര്‍ക്കസ് അക്യൂണയ്ക്കും ചൊവ്വാഴ്ച കളിക്കാനാകില്ല.
മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും ഉഷാറാണ്. മാർട്ടിനെസും അൽവാരെസും എൻസോയും ഒട്ടമെൻഡിയും മക്അലിസ്റ്ററും എല്ലാവരും പറന്ന് കളിക്കുന്നു. സ്കലോണി പുതിയ സമവാക്യങ്ങളുടെ കൂട്ടിക്കിഴിക്കലുകൾ നടത്തുന്നു. ആരാധകരുടെ ആശംസകൾ മത്സരത്തിൽ അവശേഷിക്കുന്ന ഏക ലാറ്റിനമേരിക്കൻ ടീമിന് കരുത്തേകുന്നു.
മെസ്സിക്ക് പൂർണതൃപ്തി വരണമെങ്കിൽ, സമാധാനത്തോടെ സന്തോഷത്തോടെ ബൂട്ട് അഴിക്കണമെങ്കിൽ ലോകകപ്പ് കയ്യിലേന്തണം. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി വലിയൊരു വിഭാഗം വാഴ്ത്തുന്ന മെസ്സിക്ക് സ്വന്തം നാട്ടിലെ ഫുട്ബോൾ മിശിഹയുടെ സ്വന്തം പിൻഗാമിയാകണമെങ്കിൽ ആ കിരീടം നേടിയേ മതിയാകൂ.
തോൽക്കാത്ത കളി
ജയിക്കുന്നതിനേക്കാള്‍ തോല്‍ക്കാത്ത കളിയാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ക്രൊയേഷ്യയെ മുന്നോട്ടുനയിച്ചത്. മോഡ്രിച്ചിനൊപ്പം കൊവാസിച്ചും ബ്രോസോവിച്ചും അടങ്ങുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ പ്ലസ് പോയന്റ്. കളിക്ക്, വേണ്ടപ്പോള്‍ വേഗം കൂട്ടാനും കുറയ്ക്കാനും അതിലൂടെ എതിരാളിയെ തളര്‍ത്താനും കഴിയുന്ന തന്ത്രം തന്നെയാകും ക്രൊയേഷ്യ അര്‍ജന്റീനയ്ക്കെതിരേയും പയറ്റുന്നത്. ക്രൊയേഷ്യന്‍ താരം ഇവാന് പെരിസിച്ചായിരിക്കും. ക്രൊയേഷ്യയുടെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരില്‍ മൂന്നാമന്.
ക്രൊയേഷ്യയുടെ ഡിഎൻഎ തന്നെ സമ്മർദങ്ങളെ നേരിടാനും പോരാടാനുമാണ്. 2018ൽ ഫൈനൽ വരെ അവരെത്തിയത് എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടുകളും കഴിഞ്ഞിട്ടാണ്. പോരാടിക്കളിച്ച ജപ്പാനും സാക്ഷാൽ ബ്രസീലിനും എതിരെ പിന്നിൽ നിന്ന് തിരിച്ചുവന്ന്, പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ വിജയിച്ചുകയറിയിട്ടാണ് ഇക്കുറി സെമിയിലെത്തിയത്. സമ്മർദമാണ് അവരെ കരുത്തരാക്കുന്നത്. അതുകൊണ്ടാണ് വാൾസ്ട്രീറ്റ് ജേണല്‍ അവരെ ലോകകപ്പിലെ പെനാൽറ്റി രാജാക്കൻമാർ എന്ന് വിശേഷിപ്പിച്ചത്. അവരെ നയിക്കുന്നതും മഹാനായ കളിക്കാരനാണ്. മധ്യനിരയിൽ പറന്നു കളിക്കുകയും വേണ്ട സമയത്ത് പിന്നോട്ടിറങ്ങി കാവലാവുകയും ആക്രമണത്തിന്റെ കുന്തമുനയാവുകയും ചെയ്യുന്ന ലൂക്ക മോഡ്രിച്ച്. ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരം മാത്രമല്ല, മികച്ച നായകനുമാണ്. ലൂക്കക്കൊപ്പം കൊവാസിച്ചും ബ്രോസോവിച്ചും കൂടി ചേരുമ്പോൾ ക്രൊയേഷ്യയുടെ മധ്യനിര കളിയുടെ നിയന്ത്രണത്തിന്റേയും തന്ത്രങ്ങളുടെയും വിളനിലമാകുന്നു. സൂപ്പർ ഗോളി ഇവാകോവിച്ചിലെത്തുന്നതിന് ഗ്വാഡിയോളിനെ മറികടക്കുക എന്നതും ദുഷ്കരം. മുഖംമൂടിയുടെ കരുതലിൽ കളിക്കുന്ന ഗ്വാഡിയോൾ ഈ ടൂർണമെന്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ്, ക്രൊയേഷ്യയുടെ മുത്ത്.
ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അര്‍ജന്റീന ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ മറികടന്നാണ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയെ മാത്രം തോല്‍പ്പിച്ച് മൊറോക്കോയോടും ബെല്‍ജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകര്‍ത്താണ് സെമി ഉറപ്പിച്ചത്.
അര്‍ജന്റീന
- ലോകകപ്പിന്റെ സെമിയില്‍ ഇതുവരെ ടീം തോറ്റിട്ടില്ല
- ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീം നിശ്ചിതസമയത്ത് ജയിച്ചത്. മൂന്ന് വീതം മത്സരങ്ങള്‍ തോല്‍വിയും സമനിലയുമാണ് ഫലം. സമനിലയായ രണ്ടു കളികളില്‍ ഷൂട്ടൗട്ടില്‍ ടീം ജയം നേടി.
- ലോകകപ്പില്‍ മൊത്തം കളിച്ചത് 86 മത്സരങ്ങള്‍, ജയം 48.
- പരിശീലകന് ലയണല്‍ സ്കലോനിക്ക് കീഴില്‍ ടീം കളിച്ചത് 55 മത്സരങ്ങള്‍. 37 ജയം 13 സമനില, 5 തോല്‍വി.
- ഒരു ഗോള്‍കൂടി നേടിയാല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസ്സിക്ക് ടോപ് സ്കോററാവാം. ഇരുവര്‍ക്കും 10 ഗോള്‍ വീതം
ക്രൊയേഷ്യ
- തുടര്‍ച്ചയായ രണ്ടാം തവണയാണ് സെമിഫൈനലില്‍ എത്തുന്നത്. നിലവിലെ റണ്ണറപ്പ്
- ടീമിന്റെ അവസാന ആറ് നോക്കൗട്ട് മത്സരങ്ങളില്‍ അഞ്ചും എക്സ്ട്രാ ടൈമിലേക്ക് കടന്നു. അതില്‍ നാലും ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. നാലിലും ജയം നേടി.
- ലോകകപ്പില്‍ മൊത്തം കളിച്ചത് 28 മത്സരങ്ങള്‍. ജയിച്ചത് 12 കളികള്‍
- പരിശീലകന് സ്ലാറ്റ്കോ ഡാലിച്ചിന്റെ കീഴില്‍ ടീം കളിച്ചത് 68 മത്സരങ്ങള്‍. 33 ജയം, 18 സമനില, 17 തോല്‍വി.
- ഒരു ഗോള്‍കൂടി നേടിയാല്‍ ഡേവര്‍ സുക്കറെ മറികടന്ന് ഇവാന് പെരിസിച്ചിന് ടീമിന്റെ ടോപ് സ്കോററാവാം. ഇരുവര്‍ക്കും ആറ് ഗോള്‍ വീതം


