ആറാംക്ലാസ് മുതലുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെന്‍ഡര്‍ ന്യൂട്രല്‍) മാക്കണമെന്ന നിര്‍ദേശം നേരിട്ട് മുന്നോട്ട് വെക്കാതെ എന്‍.സി.ഇ.ആര്.ടി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്കൂള്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ കരടുനിര്‍ദേശത്തിൽ അവ്യക്തമായി പൊതു യൂണിഫോമിനെ കുറിച്ച് സൂചന മാത്രം നൽകി ഒതുക്കി.
ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമാണ്. അതിനാല്‍ ലിംഗ നിഷ്പക്ഷമായ യൂണിഫോം തിരഞ്ഞെടുക്കാം എന്നാണ് നിർദ്ദേശം. അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഒരു ഡിസൈനര്‍ സ്ഥാപനം രൂപകല്പനചെയ്തതായിരിക്കണം യൂണിഫോം.
ലിംഗഭേദമെന്യേ പാന്റ്സും ഷര്‍ട്ടുംപോലുള്ള യൂണിഫോമുകള്‍ എല്ലാതരം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമാണെന്ന് ചൂണ്ടികാട്ടുന്ന രീതിയിലാണ് ഇക്കാര്യത്തിലെ നിലപാട് എൻസിഇആർടി അവതരിപ്പിക്കുന്നത്. യഥാസ്ഥിതിക കക്ഷികളെ പിണക്കേണ്ടി വരുന്ന സാഹചര്യം തന്ത്രപൂർവ്വം ഒഴിവാക്കി എന്നാൽ ആധുനിക ചിന്തയ്ക്ക് ഒപ്പം നിൽക്കുന്നു എന്നു വരുത്തി മറയിടുന്ന രീതിയിലാണ് നിർദ്ദേശം. കേരളത്തിൽ ജൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്നും പാരമ്പര്യ യാഥാസ്ഥിതിക വോട്ട് ബാങ്കിന് വഴങ്ങി സർക്കാർ പിന്നോക്കം പോയിരുന്നു.
ഉത്തരേന്ത്യൻ സാഹചര്യത്തിൽ ജൻഡർ ഇക്വാലിറ്റി പൊളിറ്റിക്സ് ഭരണ കക്ഷിക്കും അവർ വോട്ട് ബാങ്ക് ആക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും തിരിച്ചടിയാവും. ഇത് മുന്നിൽ കണ്ടാണ് എൻ സി ഇ ആർ ടി സൂക്ഷ്മമായി യൂണിഫോം കാര്യത്തിൽ നിലപാട് എടുക്കാതെ പറഞ്ഞ് പോകുന്നത് എന്നാണ് വിലയിരുത്തൽ.
അധ്യാപകരുള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാരുടെ നിയമനങ്ങളില്‍ ലിംഗ വിവേചനമില്ലാതെ ട്രാന്‍സ്ജെന്‍ഡര്‍മാരെയും നിയമിക്കണം. എല്ലാ വിദ്യാഭ്യാസസ്ഥാപനത്തിലും കോഴ്സുകളിലേക്കുമുള്ള അപേക്ഷാ ഫോമുകളില്‍ ലിംഗം അടയാളപ്പെടുത്താന്‍ ‘ട്രാന്‍സ്ജെന്‍ഡര്‍’ വിഭാഗം ഉള്‍പ്പെടുത്തണം. ഇവര്‍ക്കായി പ്രത്യേക സ്കോളര്‍ഷിപ്പിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം. ഇവര്‍ക്കുനേരെയുള്ള റാഗിങ് തടയാന്‍ പ്രത്യേക സമിതികള്‍ രൂപവത്കരിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, അധ്യാപകര്‍, പരിശീലനം ലഭിച്ച മനഃശാസ്ത്ര കൗണ്‍സലര്‍മാര്‍ എന്നിവര്‍ സമിതിയംഗങ്ങളാകണമെന്നും കരടില്‍ പറയുന്നു.


